ടോസ് ലഭിച്ചിട്ടും ഓസ്ട്രേലിയ എന്തു കൊണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തില്ല,​ കാരണം വ്യക്തമാക്കി പാറ്റ് കമ്മിൻസ്

Sunday 19 November 2023 11:03 PM IST

അഹമ്മാദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ടോസിന്റെ ഭാഗ്യം ഇത്തവണ കടാക്ഷിച്ചത്ഓസ്‌ട്രേലിയൻ ക്യാപ്ടൻ പാറ്റ് കമ്മിൻസിനെയായിരുന്നു. എന്നാൽ എല്ലാവരും കരുതിയതു പോലെ കമ്മിൻസ് ബാറ്റിംഗല്ല തിരഞ്ഞെടുത്തത്. ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു കമ്മിൻസ് ചെയ്തത്. അപ്രതീക്ഷിതമായിരുന്നു കമ്മിൻസിന്റെ ആ തീരുമാനം.

മത്സരം നടക്കുന്ന പിച്ചിൽ ഡ്രൈ വിക്കറ്റാണെന്നാണ് മത്സര ശേഷം കമ്മിൻസ് പ്രതികരിച്ചത്. സ്റ്റേഡിയത്തിൽ രാത്രി മഞ്ഞിന്റെ സ്വാധീനമുണ്ടാകുമെന്നും കമ്മിൻസ് പറഞ്ഞു, അതേസമയം ടോസ് ലഭിച്ചാൽ ബാറ്റിംഗ് തിരഞ്ഞെടുക്കുമെന്നായിരുന്നു രോഹിത് ശർമ്മ പ്രതികരിച്ചത്. ഇന്ത്യൻ ടീമിനെ ഫൈനലിൽ നയിക്കുകയെന്നത് ക്യാപ്ടനെന്ന നിലയിൽ തന്റെ സ്വപ്നമായിരുന്നെന്നും രോഹിത് വ്യക്തമാക്കി.മോദി സ്റ്റേഡിയത്തിലെ പിച്ചിൽ രണ്ടാമത് ബാറ്റ് ചെയ്യുന്നവർ ബുദ്ധിമുട്ടും എന്നായിരുന്നു ക്യൂറേറ്ററും പ്രവചിച്ചിരുന്നത്, ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടത്തിയ പിച്ചിന്റെ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി പിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്തു പരമാവധി സ്‌കോർ കണ്ടെത്തുന്നതാണു പ്രധാനമെന്നും രവി ശാസ്ത്രി വ്യക്തമാക്കി

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ അഞ്ചാം നമ്പർ പിച്ചിലാണ് ഇന്ത്യ ഓസ്‌ട്രേലിയ ഫൈനൽ മത്സരം നടന്നത്, കമ്മിൻസ് പറഞ്ഞ പോലെ പിച്ച് രണ്ടാമത് ബാറ്റ് ചെയ്തവർക്ക് അനുകൂലമായി മാറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റൺസ് എന്ന താരതമ്യേന കുറഞ്ഞ സ്‌കോറിൽ പുറത്താക്കാനും ആയി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി ആറാം കിരീടം ഉയർത്തുകയും ചെയ്തു

Advertisement
Advertisement