നരേന്ദ്രമോദി നരാധമനാണെന്ന പരാമർശം: 'ജെയ്ക് സി തോമസ് മാപ്പ് പറയണം', വക്കീൽ നോട്ടീസ് അയച്ച് ബിജെപി നേതാവ്

Saturday 25 November 2023 5:36 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നരാധമനെന്ന പരാമർശം നടത്തിയ സിപിഎം നേതാവ് ജെയ്ക് സി. തോമസിനെതിരെ വക്കീൽ നോട്ടീസ്. ഒരാഴ്ചയ്ക്കകം വിവാദ പരാമർശം പിൻവലിച്ച് മാപ്പു പറയാത്തപക്ഷം ക്രിമിനൽ കേസും, കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി നേതാവ് ഡോ ആർ ബാലശങ്കർ അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.

'ഇന്ത്യയുടെ ഭരണഘടന പ്രകാരം ജനാധിപത്യപരമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ജയിച്ച് പ്രധാനമന്ത്രിയായ വ്യക്തിയെ നരാധമൻ എന്ന് വിളിക്കുന്നത് രാജ്യത്തെ 140 കോടി ജനങ്ങളേയും, ലോക ജനതയുടെ മുമ്പിൽ ഇന്ത്യയെയും അപമാനിക്കലാണ്.

നരാധമൻ എന്ന് പറയപ്പെടുന്ന ഒരു വ്യക്തിക്ക് തെരെഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ കഴിയില്ല. ഭരണഘടനാ പ്രകാരം സ്ത്രീയെയും, പുരുഷനെയും, ഭിന്ന ലിംഗത്തിൽപ്പെടുന്നവരെയും തുല്യ മനുഷ്യരായിട്ടാണ് വിവക്ഷിക്കുന്നത്. നരാധമൻ എന്ന പരാമർശം ഇതിൽ ഒന്നും പെടാത്തതാണ്. ഇത് ഭരണ ഘടനയോടുള്ള അവമതിപ്പായി മാത്രമേ കാണാൻ കഴിയൂ'

'രാഷ്ട്രീയ സംസ്കാരമുള്ള ആരും പ്രതിയോഗികളോട് ഇത്തരത്തിൽ പ്രതികരിക്കാൻ പാടില്ലാത്തതാണ്.

ലോകമെമ്പാടും പ്രേക്ഷകരുള്ളതും ജനങ്ങൾ ഏറെ ശ്രദ്ധിക്കുന്നതുമായ ഏഷ്യാനെറ്റിനെ പോലെ ഒരു മുൻനിര ചാനലിൽ മൂന്ന് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള എസ്.എഫ്.ഐ യുടെ മുൻ സംസ്ഥാന പ്രസിഡന്റും, സി.പി.എം നേതാവുമായ ജെയ്ക് സി. തോമസ് നടത്തിയ പരാമർശം അത്യന്തം അപലപനീയമാണ്.'

'നരേന്ദ്ര മോദിയുടെ അനുഭാവിയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ആളെന്ന നിലയിൽ അദ്ദേഹത്തിനെതിരെയുള്ള നീചമായ പരാമർശം തനിക്ക് വ്യക്തിപരമായി വളരെ ദുഖം ഉണ്ടാക്കിയതായി പ്രമുഖ മാധ്യമ പ്രവർത്തകനും, ഓർഗനൈസർ മുൻ എഡിറ്ററുമായിരുന്ന ആർ. ബാലശങ്കർ പറഞ്ഞു.

2017 ഡിസംബറിലെ ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ "നീച് ആദ്മി" എന്ന് വിളിച്ചതിന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന മണിശങ്കർ അയ്യരെ അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

എന്നാൽ അത്തരത്തിലുള്ള ഒരു നടപടിയും സിപിഎം നേതാവായ ജെയ്ക് സി. തോമസിനെതിരെ ഇടതുപക്ഷ പാർട്ടിയിൽ നിന്ന് ഉണ്ടാവാത്ത പശ്ചാത്തലത്തിലാണ് ഇത്തരം ഒരു നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്' ബാലശങ്കർ പറഞ്ഞു.

കഴിഞ്ഞ നവംബർ 19 ന് ചാനൽ ചർച്ചക്കിടെയാണ് ജെയ്ക് വിവാദ പരാമർശം നടത്തിയത്. ക്ഷേമ പെൻഷൻ മുടങ്ങിയതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയ്ക്കിടെയാണ് സിപിഎം സംസ്ഥാന സമിതിയം​ഗം നരേന്ദ്രമോദിയെ നരാധമൻ എന്ന് വിളിച്ചത്.

Advertisement
Advertisement