കോട്ടയത്ത് വനിതാ മജിസ്‌ട്രേറ്റിനെ അസഭ്യം വിളിച്ച സംഭവം; 29 അഭിഭാഷകർക്കെതിരെ കേസെടുത്ത് ഹൈക്കോടതി

Wednesday 29 November 2023 8:10 AM IST

കൊച്ചി: കോട്ടയത്ത് വനിതാ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനെ അസഭ്യം വിളിച്ച സംഭവത്തിൽ അഭിഭാഷകർക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. 29 അഭിഭാഷകർക്കെതിരെയാണ് ക്രിമിനൽ കോടതിയലക്ഷ്യ നടപടി എടുത്തിരിക്കുന്നത്.

അഭിഭാഷകരുടെ നടപടി നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേസ് നാളെയാണ് പരിഗണിക്കുന്നത്. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റിനെ അടക്കം പ്രതി ചേർത്തിട്ടുണ്ട്. കോടതിയുടെ പ്രവർത്തനം മണിക്കൂറുകളോളം തടസപ്പെടുത്തിയെന്നും അഭിഭാഷകരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സംഭവത്തിൽ ജില്ലാ ജഡ്ജിയും, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടും ഹൈക്കോടതി രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

''പോടീ പുല്ലേ സി.ജെ.എമ്മേ' എന്നടക്കം വിളിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ജൂനിയർ അഭിഭാഷകർ പ്രതിഷേധിച്ചത്. അഭിഭാഷകർ കോടതി നടപടികൾ എട്ട് മിനിട്ടോളം തടസപ്പെടുത്തിയതായി മജിസ്‌ട്രേട്ട് ദൈനംദിന റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.പരാതി ലഭിക്കാത്തതിനാൽ അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.

സംഭവം ഇങ്ങനെ

2013 ൽ തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട മണർകാട് സ്വദേശി രമേശൻ കരമടച്ച വ്യാജ രസീതുണ്ടാക്കി അഡ്വ.പി.എം നവാബ് വഴി കോടതിയിൽ നിന്ന് ജാമ്യം നേടി. തുടർന്ന് നൽകിയ അപ്പീൽ കോടതി തള്ളിയതോടെ ഇയാൾ മുങ്ങി. പിന്നാലെ രണ്ട് ജാമ്യക്കാരെ കോടതി വിളിച്ചുവരുത്തി. താൻ ജാമ്യം നിന്നിട്ടില്ലെന്ന് ഒരു ജാമ്യക്കാരൻ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായത്. ഇതോടെ സി.ജെ.എം കോടതിയിലെ ശിരസ്തദാർ, കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ രമേശനെ ഒന്നാം പ്രതിയാക്കിയും അഡ്വ.പി.എം നവാബിനെ രണ്ടാം പ്രതിയുമാക്കി കേസെടുക്കുകയായിരുന്നു.

Advertisement
Advertisement