'സർക്കാരും ഗവർണറും ചേർന്ന് ആളുകളെ കബളിപ്പിക്കുകയാണ്', ഉന്നത വിദ്യാഭ്യാസ മന്ത്രി രാജി വച്ച് പുറത്ത് പോകണമെന്ന് പ്രതിപക്ഷ നേതാവ്

Thursday 30 November 2023 3:03 PM IST

തൃശൂർ: വിസിക്ക് വേണ്ടി ചാൻസിലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പ്രോ ചാൻസിലറായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു കത്തെഴുതിയത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങൾ ശരിവയ്ക്കുന്നതാണ് കണ്ണൂർ വൈസ് ചാൻസിലറുടെ പുനർനിയമനം റദ്ദാക്കിയുള്ള സുപ്രീംകോടതി വിധിയെന്ന് അദ്ദേഹം പ്രതികരിച്ചു.

യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചാണ് വിസിയെ നിയമിച്ചത്. വിസി നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെടാൻ പാടില്ല. മന്ത്രി കത്തെഴുതുക മാത്രമല്ല, പ്രായപരിധി കഴിഞ്ഞ ഉദ്യോഗസ്ഥന് നിയമവിരുദ്ധമായി നിയമനം നൽകുകയും ചെയ്തു. ഇതാണ് സുപ്രീം കോടതി റദ്ദാക്കിയതെന്ന് വി ഡി സതീശൻ വ്യക്തമാക്കി.

'നിയമവിരുദ്ധ വിസി നിയമനത്തിൽ അനാവശ്യമായ ഇടപെടലാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന ഗുരുതരമായ കണ്ടെത്തലും വിധിയിലുണ്ട്. ഈ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ഇന്നു തന്നെ രാജി വച്ച് പുറത്ത് പോകണം. യുജിസി മാനദണ്ഡങ്ങളും യൂണിവേഴ്‌സിറ്റി ആക്ടും ലംഘിച്ച് പ്രോ വിസി കൂടിയായ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ സർവകലാശാലകളുടെ സ്വയംഭരണ അവകാശത്തിൽ അനാവശ്യ ഇടപെടലാണ് നടത്തിയത്. ഈ വിക്കറ്റ് വീഴേണ്ട വിക്കറ്റാണ്.' വി ഡി സതീശൻ വിമർശിച്ചു.

'ഗവർണറും സംസ്ഥാന സർക്കാരും ഒന്നിച്ച് നടത്തിയ ഗൂഢാലോചനയാണ് ഇതെന്നും,ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങിയെന്നുമുള്ള ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഗവർണർ സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. സർവകലാശാലകളെ സർക്കാർ ഡിപ്പാർട്ട്‌മെന്റുകളാക്കി സർക്കാർ അധപതിപ്പിക്കാൻ ശ്രമിച്ചതിനുള്ള മുന്നറിയിപ്പും താക്കീതുമാണ് സുപ്രീം കോടതിയിൽ നിന്നും കിട്ടിയിരിക്കുന്നത്.

നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ അനാവശ്യമായി പിടിച്ചുവയ്ക്കാൻ പാടില്ല. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുകയും സർവകലാശാലകളെ സർക്കാര്‍ ഡിപ്പാർട്ട്മെന്റ് ആക്കുകയും ചെയ്യുന്ന ബില്ലിന്റെ ഉള്ളടക്കത്തോട് പ്രതിപക്ഷത്തിന് അഭിപ്രായ വ്യത്യാസമുണ്ട്. ഗവർണറും സർക്കാരും തമ്മിൽ ഒരു തർക്കവുമില്ല. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ തർക്കമുണ്ടെന്ന് വരുത്തി തീർക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. സമാധാന കാലത്ത് ഇവർ അങ്ങോട്ടും ഇങ്ങോട്ടും മധുര പലഹാരങ്ങൾ കൈമാറുകയും മന്ത്രിമാർ ഘോഷയാത്രയായി രാജ്ഭവനിലേക്ക് പോകുകയും ചെയ്യും. സർക്കാരും ഗവർണറും ചേർന്ന് ആളുകളെ കബളിപ്പിക്കുകയാണ് പ്രതിപക്ഷനേതാവ് വിമർശിച്ചു.

Advertisement
Advertisement