അത്തിക്കയം ജംഗ്ഷനിൽ വെളിച്ചമായി

Friday 01 December 2023 1:59 AM IST
വാർത്ത

റാന്നി : അത്തിക്കയം ജംഗ്ഷനിലെ ഇരുട്ടു മാറി വെളിച്ചം വന്നു. നാലു മാസം മുമ്പ് ഇവിടെ ഉണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റ് സിമന്റുമായി വന്ന ലോറി പുറകോട്ട് എടുക്കുമ്പോൾ ഇടിച്ചു തകർന്നതോടെയാണ് പ്രദേശം ഇരുട്ടിലായത്. വാഹനം ലൈറ്റിന്റെ തൂണിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൂണിനു ബലക്ഷയം സംഭവിക്കുകയും പഞ്ചായത്ത് അധികൃതരും ഓട്ടോ ടാക്സി ഡ്രൈവർമാരും ചേർന്ന് അപകടം ഒഴിവാക്കാനായി തൂൺ പകുതി ഭാഗത്തു നിന്ന് മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. നിലവിൽ ഈ തൂൺ റോഡിൽ നിലവിൽ അപകടാവസ്ഥയിൽ തുടരുകയാണ്. ഇടിച്ച വാഹന ഉടമ നഷ്ടപരിഹാരം തരാൻ കൂട്ടാക്കാതിരുന്നതോടെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട്പെരുനാട് പൊലീസ് കസ്റ്റഡിയിലെടുത്ത വാഹന ഉടമ ജാമ്യത്തിലിറക്കി പോയെങ്കിലും വഴിവിളക്കിന്റെ കാര്യത്തിൽ യാതൊരു തീരുമാനവും ഉണ്ടായിരുന്നില്ല. ശബരിമല തീർത്ഥാടനം തുടങ്ങിയതോടെ പ്രദേശം ഇടുട്ടിലാണെന്നും അപകടാവസ്ഥ ഉണ്ടെന്നും കാണിച്ച് കേരള കൗമുദി റിപ്പോർട്ട് നൽകിയിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട

പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉടൻതന്നെ കെ.എസ്.ഈ.ബി യുമായി ബന്ധപ്പെട്ട് പുതിയ ലൈറ്റ് ട്രാസ്‌ഫോർമറിൽ സ്ഥാപിക്കുകയായിരുന്നു. ഇതോടെ നാല് വഴികൾ ചേർന്ന അത്തിക്കയം ജംഗ്ഷനിലെ ഇരുട്ട് മാറിക്കിട്ടി.

Advertisement
Advertisement