ഇസ്രയേൽ പണി കാത്തിരുന്ന് വാങ്ങിയത്? 40 പേജുള്ള ആക്രമണസൂചനാ റിപ്പോർട്ട് പുച്ഛിച്ചു തള്ളിയതിന്റെ ഫലം

Friday 01 December 2023 11:14 AM IST

ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയ സംഭവം ലോകത്തെ ആകെ ഞെട്ടിച്ചിരുന്നു. കടുത്ത സുരക്ഷാസംവിധാനമുള്ള തങ്ങളെ ഹമാസ് കടന്നാക്രമിക്കുമെന്ന് ഇസ്രയേല്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. 1200ല്‍ അധികം പേരുടെ മരണത്തിനും ദിവസങ്ങള്‍ നീണ്ട ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കും വഴിവച്ച സംഭവത്തെക്കുറിച്ച് ഇസ്രയേലിന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

കൃത്യം ഒരു വര്‍ഷം മുമ്പ് ലഭിച്ച മുന്നറിയിപ്പ് അവഗണിച്ചതും ഹമാസിനെ ചെറുതായി കണ്ടതുമാണ് തിരിച്ചടിയായി മാറിയതെന്നാണ് വിവരം. ജെറിക്കോ വാള്‍ എന്ന തലക്കെട്ടില്‍ 40 പേജുള്ള ഒരു ഡോക്യുമെന്റാണ് ഇസ്രയേല്‍ സൈന്യത്തിനും ഇന്റലിജന്‍സ് വിഭാഗത്തിനും ലഭിച്ചത്. അവരുടെ കവാടത്തിന് മുന്നിലൂടെ തന്നെ ആക്രമണം നടത്തുക എന്ന തലക്കെട്ടോടെയാണ് 40 പേജുള്ള രേഖ ലഭിച്ചിരുന്നത്. എന്നാല്‍ അത് ഹമാസിന്റെ വെറും വ്യാമോഹമാണെന്ന് പറഞ്ഞു പുച്ഛിച്ച് തള്ളുകയാണ് ഇസ്രയേല്‍ ചെയ്തത്. അതിന് അവര്‍ക്ക് കനത്ത വില നല്‍കേണ്ടിയും വന്നു.

ഹമാസ് പദ്ധതിയിട്ട ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ലഭിച്ച രേഖയില്‍ കൃത്യമായി തന്നെ പറഞ്ഞിരുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റോക്കറ്റ് ആക്രമണം, ഓട്ടോമാറ്റഡ് മെഷീന്‍ ഗണ്ണുകള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം തന്നെ ഒക്ടോബര്‍ ഏഴിന് നടന്ന സംഭവങ്ങളില്‍ യാഥാര്‍ത്ഥ്യമാകുകയും ചെയ്തു. തൊഴിലവസരങ്ങള്‍ക്കായി പാലസ്തീന്‍ പൗരന്‍മാര്‍ക്ക് ഇസ്രയേലില്‍ പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുന്ന സമയമായതിനാല്‍ തങ്ങളെ സംശയിക്കില്ലെന്ന് ഹമാസും ഉറപ്പിച്ചിരുന്നു.

രേഖയില്‍ സൂചിപ്പിച്ചിരുന്നതിന് സമാനമായ ഒരു സായുധ പരിശീലനം ഹമാസ് നടത്തുന്നതിനെ കുറിച്ച് 2023 ജൂലായില്‍ ഇസ്രയേലിലെ ഒരു മുതിര്‍ന്ന നിരീക്ഷക മുന്നറിയിപ്പും നല്‍കിയിരുന്നു. താനുന്നയിച്ച ആശങ്കകളെ ഇസ്രയേല്‍ സൈന്യവും ഇന്റലിജന്‍സും മുഖവിലയ്‌ക്കെടുത്തില്ലെങ്കിലും തന്റെ ആശങ്കകള്‍ അവര്‍ തുടര്‍ന്നും പ്രകടിപ്പച്ചിരുന്നു. യുദ്ധത്തിനുള്ള തയ്യാറെടുപ്പാണ് നടക്കുന്നതെന്ന ആശങ്കയും പങ്കുവച്ചിരുന്നു.

തങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുത്തിരുന്നെങ്കില്‍ ഇസ്രയേല്‍ സൈന്യത്തിന് തയ്യാറെടുപ്പുകള്‍ നടത്താനും ഹമാസിന്റെ ആക്രമണത്തെ പ്രതിരോധിക്കാനും കഴിയുമായിരുന്നു. എന്നാല്‍ ഹമാസിന് അതിനുള്ള ശേഷിയില്ലെന്ന് പറഞ്ഞു തള്ളിയതിനാല്‍ തന്നെ ഒക്ടോബര്‍ ഏഴിന് ഒരു തയ്യാറെടുപ്പുമില്ലാതെ ഞെട്ടലോടെ നോക്കി നില്‍ക്കാന്‍ മാത്രമേ സൈന്യത്തിന് കഴിഞ്ഞുള്ളൂ.

Advertisement
Advertisement