കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ റാങ്ക്, നിരവധി ബിസിനസുകൾ, മാളിക പോലൊരു വീട്; പത്മകുമാറിന്റെ പേരിലുള്ളത് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ

Saturday 02 December 2023 12:06 PM IST

കൊല്ലം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പണത്തിന് വേണ്ടിയാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് പറയുമ്പോഴും പത്മകുമാറിന്റെ പേരിലുള്ളത് ഏക്കറുകണക്കിന് സ്ഥലവും സ്വത്തും. ധാരാളം ബിസിനസുകളും ഇയാളുടെ പേരിലുണ്ട്.

ഫാം ഹൗസ്

ആറര ഏക്കർ സ്ഥലത്തായി വ്യാപിച്ച് കിടക്കുന്ന ഫാം ഹൗസിൽ രണ്ട് ചെറിയ വീടുകളുണ്ട്. പതിവ് തെറ്റാതെ എന്നും പത്മകുമാർ ഇവിടെ വന്നു പോയിരുന്നു. വ്യാഴാഴ്ച് ഉച്ചയ്ക്ക് ഒരു മണി കഴിയുന്നത് വരെ പത്മകുമാറും ഭാര്യയും മകളും ചിറക്കരയിലെ പോളച്ചിറ തെങ്ങുവിളയിലെ ഫാമിൽ ഉണ്ടായിരുന്നു. ഇന്നലെ വീണ്ടും വരാമെന്നു പറഞ്ഞ് ജോലിക്കാരി ഷീബയ്ക്ക് ടാറ്റാ പറഞ്ഞാണ് പോയത്. ഇന്നലെ 12.30ന് ഇവർ ഷീബയെ വിളിച്ച് തമിഴ്നാട്ടിൽ നിൽക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇന്നലെ സന്ധ്യയ്ക്ക് പൊലീസ് പരിശോധന നടത്തി. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ് ഇവിടെ നിന്നു കണ്ടെടുത്തു. ജോലിക്കാരി ഷീബയിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു.

മാളിക പോലൊരു വീട്

വർഷങ്ങൾക്ക് മുമ്പ് അത്രയും വലിയൊരു വീട് ചാത്തന്നൂർ മേഖലയിൽ നിർമ്മിച്ചത് പത്മകുമാറായിരുന്നു. ഇതിന് ശേഷമാണ് മറ്റ് വലിയ വീടുകൾ അവിടെ ഉയർന്നത്. പത്ത് സെന്റിന് മുകളിൽ വിസ്തൃതിയുള്ള പുരയിടത്തിലാണ് രണ്ട് നിലകളിൽ 4000 സ്ക്വയർ ഫീറ്റിൽ അധികം വലുപ്പമുള്ള കൂറ്റൻ വീട് സ്ഥിതി ചെയ്യുന്നത്. അഞ്ചിലേറെ മുറികളുണ്ട്. ഇന്റർലോക്കിട്ട മുറ്റത്ത് പൂന്തോട്ടവും സജ്ജീകരിച്ചിട്ടുണ്ട്. അയൽക്കാരുമായി വലിയ ബന്ധമില്ലാത്തതിനാൽ വീടിനുള്ളിലെ കാഴ്ചകൾ പലർക്കും അന്യമാണ്. ഗേറ്റ് സദാസമയവും അടഞ്ഞുകിടക്കും. മറ്റ് ബന്ധുക്കളുടെ വരവും പോക്കും ഇല്ല. ആർ.ടി ഓഫീസ് ജീവനക്കാരിയായിരുന്ന പത്മകുമാറിന്റെ അമ്മ ഒരുവർഷം മുമ്പാണ് മരിച്ചത്. ചാത്തന്നൂർ ജംഗ്ഷനിൽ നിന്ന് കഷ്ടിച്ച് 250 മീറ്റർ മാത്രമാണ് പത്മകുമാറിന്റെ വീട്ടിലേക്കുള്ളത്. കുറ്റകൃത്യം ചെയ്യാനുപയോഗിച്ച വെള്ള കാർ ആദ്യമായാണ് നാട്ടുകാർ അവിടെ കാണുന്നത്.

കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ റാങ്ക്

ചാത്തന്നൂർ മേഖലയിലെ ആദ്യകാല കമ്പ്യൂട്ടർ എഞ്ചിനിയർമാരിൽ ഒരാളായിരുന്നു പത്മകുമാർ. വർഷങ്ങൾക്ക് മുമ്പ് കമ്പ്യൂലാൻഡ് എന്ന കമ്പ്യൂട്ടർ സെന്ററും നടത്തിയിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് ടികെഎം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനിയറിംഗിൽ റാങ്ക് നേടിയ പത്മകുമാർ ഉയർന്ന ജോലികൾ സ്വീകരിക്കാതെ ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു.

ബിസിനസുകൾ

ഫിഷ് സ്റ്റാൾ, ബിരിയാണി കച്ചവടം, കൃഷി ഉൾപ്പെടെ വൈവിധ്യമാർന്ന ബിസിനസുകളിൽ കൈവച്ചു.കേബിൾ ടിവി രംഗപ്രവേശം ചെയ്ത കാലത്തു തന്നെ ചാത്തന്നൂർ കേന്ദ്രീകരിച്ചു കേബിൾ ടിവി ശ്യംഖല ആരംഭിച്ചു. ഒട്ടേറെ യുവാക്കൾക്കു ജോലി നൽകി. കേബിൾ ടിവി നല്ല നിലയിൽ പ്രവർത്തിക്കുമ്പോൾ തന്നെ പൂർണമായി വിറ്റൊഴി‍ഞ്ഞു.

പിന്നീട് റിയൽ എസ്റ്റേറ്റ്, പാഴ്സൽ ബിരിയാണി കച്ചവടം, കുമ്മല്ലൂർ റോഡിൽ മത്സ്യസ്റ്റാൾ, തമിഴ്നാട്ടിൽ കൃഷി, ചാത്തന്നൂരിൽ ബേക്കറി തുടങ്ങിയ വ്യത്യസ്ത മേഖലകളിലേക്കായി. ബേക്കറി ഇന്നലെയും പതിവുപോലെ പ്രവർത്തിച്ചിരുന്നു. ജീവനക്കാർക്കാണ് ഇതിന്റെ നിയന്ത്രണം. രാത്രിയിലോ മറ്റോ അപൂർവമായാണു പത്മകുമാർ കടയിൽ വരുന്നത്.

Advertisement
Advertisement