ജയിക്കുന്ന സ്ഥാനാർത്ഥികൾ ബംഗളൂരുവിലേക്ക്; ആഡംബര ബസുകൾ സജ്ജമാക്കി കോൺഗ്രസ്, മുന്നിൽ നിന്ന് നയിക്കാൻ ഡികെ

Sunday 03 December 2023 11:18 AM IST

ഹൈദരാബാദ്: എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത് ശരിവച്ച് തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റം തുടരുകയാണ്. സംസ്ഥാനത്ത് ഇത്തവണ അധികാരത്തിൽ കോൺഗ്രസ് എത്തുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചത്. അതുകൊണ്ട് തന്നെ കുതിരക്കച്ചവടം തടയാൻ എല്ലാ മുന്നൊരുങ്ങളും കോൺഗ്രസ് നേതൃത്വം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ തെലങ്കാനയിൽ ജയിക്കുന്ന ഓരോ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റാൻ ബസുകൾ സജ്ജമാക്കിയിരിക്കുകയാണ് കോൺഗ്രസ്.

സ്വകാര്യ ആഡംബര ബസുകൾ ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിലാണ് ഒരുക്കിയിരിക്കുന്നത്. ഈ ഹോട്ടലിലാണ് തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള മുതിർന്ന നേതാക്കളും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ക്യാമ്പ് ചെയ്യുന്നത്. എംഎൽഎമാരുടെ കുതിരക്കച്ചവടത്തെ കുറിച്ച് ഡികെ ശിവകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു എംഎൽഎമാരെ പോലും കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

'എല്ലാ സ്ഥാനാർത്ഥികൾക്ക് വേണ്ടിയും ഞങ്ങൾ വിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്... അവർ സുരക്ഷിതരാണ്, ഒരു എംഎൽഎയെ പോലും ഞങ്ങൾ കൈവിടില്ല. അവരുടെ രാഷ്ട്രീയ തന്ത്രം നമുക്കറിയാം. ഞങ്ങളിൽ വ്യക്തികളില്ല, കൂട്ടായ നേതൃത്വമാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഞങ്ങൾ ഞങ്ങളുടെ അജണ്ടയിൽ തുടരും'-ഡികെ ശിവകുമാർ പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ റിസോർട്ട് രാഷ്ട്രീയം ആസൂത്രണം ചെയ്യാനാണ് ശിവകുമാറിനെ തെലങ്കാനയിലേക്ക് അയച്ചതെന്നാണ് ബിജെപിയുടെ ആരോപണം.

ബിആർഎസ് മേധാവിയും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പാട്ടിലാക്കാൻ ശ്രമിക്കുകയാണെന്ന് ശിവകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 19 സീറ്റാണ് ലഭിച്ചത്. എന്നാൽ അതിൽ 12 പേർ മറുകണ്ടം ചാടി ബിആർഎസിലെത്തിയിരുന്നു. ബിആർഎസിന് ഭരണം കിട്ടിയതിനു ശേഷമായിരുന്നു ഈ പാർട്ടി മാറ്റം. അവരിൽ പലരും ഇപ്പോൾ ബിആർഎസ് സ്ഥാനാർത്ഥികളുമായിരുന്നു.

ഭരണം നേടാൻ പത്തിനു താഴെ സീറ്റിന്റെ കുറവ് വന്നാൽ ബിആർഎസ് അധികാരം നിലനിറുത്താൽ മറ്റ് പാർട്ടികളിലെ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ചേക്കാം. ഇതൊക്കെ മുന്നിൽ കണ്ടാണ് കോൺഗ്രസ് മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. കർണാടകയിൽ കോൺഗ്രസിന്റെ വിജയത്തിന് സുപ്രധാന പങ്കുവഹിച്ച ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഡികെ ശിവകുമാർ എംഎൽഎമാരെ മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. 2018ൽ കർണാടക നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിനിടെ കോൺഗ്രസിനും ജനതാദളിനും (എസ്) ഉണ്ടായ സമാന സാഹചര്യം ശിവകുമാർ വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്.

Advertisement
Advertisement