കുതിച്ചുപാഞ്ഞ് ബി.ജെ.പി; തെലങ്കാനയിൽ കൈമുദ്ര, രാജസ്ഥാനും ഛത്തീസ്‌ഗഢൂം ബി. ജെ. പി തിരിച്ചുപിടിച്ചു, മദ്ധ്യപ്രദേശിൽ തുടർഭരണം

Monday 04 December 2023 12:37 AM IST

ന്യൂഡൽഹി: നരേന്ദ്ര മോദി മാജിക്ക് വീണ്ടും തെളിയിച്ച് മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരണം പിടിച്ചത് വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയാവും.

തെലങ്കാനയിൽ ബി.ആർ.എസിനെ തുരത്തിയ കോൺഗ്രസിന് ആശ്വാസ ജയം. മിസോറാം വോട്ടെണ്ണൽ ഇന്നു നടക്കും.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ മൂന്ന് സംസ്ഥാനങ്ങളിലും നേടിയ വിജയം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ കുതിപ്പിനൊരുങ്ങാൻ ബി.ജെ.പിക്ക് ഉൗർജ്ജമാകും. ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസിന് അടിപതറി. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം മാറുന്ന പതിവിന് മാറ്റമുണ്ടായില്ല.

മദ്ധ്യപ്രദേശ്

കോൺഗ്രസിനെ കാഴ്‌ചക്കാരാക്കി ബി.ജെ.പിക്ക് അധികാരത്തുടർച്ച. 2005-മുതൽ ഭരിക്കുന്ന (ചെറിയ ഇടവേളയൊഴികെ ) ശിവ്‌രാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാതെ നടത്തിയ സംഘടനാ പ്രവർത്തനം ഫലിച്ചു. 2020ൽ കോൺഗ്രസ് സർക്കാരിനെ വീഴ്‌ത്തി ബി.ജെ.പി പാളയത്തിലെത്തിയ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വാധീനം തുണച്ചു. ഭരണവിരുദ്ധ വികാരം മുതലാക്കാൻ ശ്രമിച്ച കോൺഗ്രസിന്റെ കമൽനാഥും കൂട്ടരും വെല്ലുവിളിയായതേയില്ല.

രാജസ്ഥാൻ

2018ൽ നഷ്‌ടപ്പെട്ട അധികാരം കോൺഗ്രസിന്റെ അശോക് ഗെലോട്ട് സർക്കാരിനെ പുറത്താക്കി ബി.ജെ.പി തിരിച്ചുപിടിച്ചു. ഗെലോട്ട് സർക്കാരിനെതിരായ അഴിമതി, ദളിത്- സ്‌ത്രീ പീഡന ആരോപണങ്ങളും സച്ചിൻ പൈലറ്റുമായുള്ള ഭിന്നതകളും ഭരണവിരുദ്ധ തരംഗവും ബി.ജെ.പി ജയം എളുപ്പമാക്കി.

ഛത്തീസ്ഗഢ്

അധികാരത്തുടർച്ച പ്രതീക്ഷിച്ച കോൺഗ്രസിന് മേൽ ബി.ജെ.പിക്ക് അപ്രതീക്ഷിത വിജയം. ഭുപേഷ് ബാഗേൽ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ തരംഗവും ആദിവാസി, പിന്നാക്ക മേഖലകളിൽ പ്രതാപം വീണ്ടെടുത്തതും ബി.ജെപിക്ക് നേട്ടമായി.

തെലങ്കാന

2014ൽ സംസ്ഥാന രൂപീകരണം മുതൽ ബി.ആർ.എസിന്റെ രണ്ട് ടേം നീണ്ട ഭരണമാണ് കോൺഗ്രസ് അവസാനിപ്പിച്ചത്. സ്വജനപക്ഷപാത, അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ തരംഗവും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ഹാട്രിക് മോഹത്തിന് തടയിട്ടു. ദക്ഷിണേന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന രണ്ടാം സംസ്ഥാനമായി മാറി.

രാഹുൽ പ്രതിരോധത്തിൽ

മോദിയുമായി നേർക്കുനേർ പോരാട്ടത്തിൽ പരാജയം രുചിച്ച രാഹുൽ ഗാന്ധിയും കോൺഗ്രസും പ്രതിരോധത്തിൽ. ജാതി സെൻസസ് പ്രചാരണം ഫലിക്കാത്തത് നിരാശ. പരാജയം ഇന്ത്യാ മുന്നണിക്കും തിരിച്ചടി. മുന്നണിയിലെ കോൺഗ്രസിന്റെ അപ്രമാദിത്തവും ചോദ്യം ചെയ്യപ്പെടും.

ബി.ജെ.പി വീണ്ടും ഹിന്ദു കാർ‌‌ഡിലേക്ക്

 ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസം

 ജനുവരിയിലെ രാമക്ഷേത്ര പ്രതിഷ്‌‌ഠ തുറുപ്പു ചീട്ടാക്കും

 കേന്ദ്ര പദ്ധതികൾ ഉയർത്തി മെഗാ പ്രചാരണം ശക്തമാക്കും

 സ്ഥിരതയുള്ള സർക്കാർ മുഖമുദ്ര യാക്കി ജനങ്ങളെ സമീപിക്കും

കോൺഗ്രസ് സീറ്റ് ധാരണയ്ക്ക് വഴങ്ങും

 തെലങ്കാനയിൽ ഭരണം ലഭിച്ചത് ഉൗർജ്ജമാക്കും

 ഇന്ത്യാ മുന്നണി കക്ഷികളെ വിശ്വാസത്തിലെടുക്കേണ്ടിവരും

 ബി.ജെ.പി ശക്തി കേന്ദ്രങ്ങളിൽ സീറ്റ് ധാരണയ്ക്ക് വഴങ്ങും

 ജാതി സെൻസസ് പ്രചാരണം ശക്തമാക്കാനും ശ്രമിക്കും

വോട്ടിംഗ് ശതമാനം:

മദ്ധ്യപ്രദേശ്:

ബി.ജെ.പി: 164 (48.6%)

കോൺഗ്രസ്: 65 (40.45% )

രാജസ്ഥാൻ:

ബി.ജെ.പി: 115 (41,69%)

കോൺഗ്രസ്: 69 (39.53%)

ഛത്തീസ്ഗഢ്:

ബി.ജെ.പി: 54 (46%)

കോൺഗ്രസ്: 36( 42%)

തെലങ്കാന:

കോൺഗ്രസ്: 64(39.40%)

ബി.ആർ.എസ്: 39 (37.39%)

ബി.ജെ.പി: 8 (13.88%)

Advertisement
Advertisement