ജില്ലാആശുപത്രിയിലെത്തുന്നത് ഞായറാഴ്ചയെങ്കിൽ പെട്ടതുതന്നെ !

Monday 04 December 2023 1:55 AM IST

മാവേലിക്കര: ജില്ലാആശുപത്രിയിലെ ജനറൽ ഒ.പി സൗകര്യം ഞായറാഴ്ചകളിൽ ഇല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. പനിപോലെയുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് നൂറുകണക്കിന് രോഗികൾ ദുരിതമനുഭവിക്കുന്നത്.

അത്യാഹിത വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഒരു ഡ്യൂട്ടി ഡോക്ടറും രണ്ട് ഹൗസ് സർജൻസി ഡോക്ടർമാരും ഒ.പിയുടെ ചുമതലകൾ കൂടി നിർവ്വഹിക്കേണ്ട അവസ്ഥയിലാണ്.

അത്യാഹിത വിഭാഗത്തോട് ചേർന്നുള്ള കൺസൾട്ടിംഗ് റൂമിലാണ് ഞായറാഴ്ചകളിൽ താത്കാലിക ഒ.പി നടക്കുന്നത്. ഇവിടെയാകട്ടെ രോഗികളുടെ നീണ്ട ക്യൂവാണ്. ഒരു മണിക്ക് മുമ്പ് 300 രോഗിയോളം ഒ.പി യിലെത്തുന്നുണ്ട്. ഉച്ചകഴിഞ്ഞ് രാത്രി വരെ എത്തുന്നവരുടെ എണ്ണം ഇതിന്റെ മൂന്ന് ഇരട്ടിയോളമാണ്. ഇതിനിടയിൽ അത്യാഹിത വിഭാഗത്തിൽ അത്യാവശ്യക്കാർ എത്തിയാൽ കാത്തുനിൽപ്പിന്റെ ദൈർഘ്യം വീണ്ടും കൂടും. കടുത്ത പനിയുടെ അവശതയിൽ മണിക്കൂറുകൾ ക്യൂ നിൽക്കുന്ന ദയനീയ അവസ്ഥയാണുള്ളത്.

Advertisement
Advertisement