കാട്ടിപള്ളി വെങ്കട രമണ റെഡ്ഡി; ദി ജയന്റ് കില്ലർ

Monday 04 December 2023 12:54 AM IST

ഹൈദരാബാദ്: മുഖ്യമന്ത്രി കെ.ചന്ദ്രശേഖരാറാവുവും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രേവേന്ത് റെഡ്ഡിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിച്ചിരുന്ന കാമറെഡ്ഡിയിൽ അവസാന റൗണ്ടുകളിൽ അപ്രതീക്ഷിതമായി മുന്നേറി ഒന്നാമതായി ഫിനിഷ് ചെയ്ത് ബി.ജെ.പി സ്ഥാനാർത്ഥി കാട്ടിപള്ളി വെങ്കട രമണ റെഡ്ഡി ഞെട്ടിച്ചു.

ആദ്യ മണിക്കൂറിൽ നേരിയ വ്യത്യാസത്തിൽ കെ.സി.ആറും റേവന്തും മാറി മാറി ലീഡ് നേടിയിരുന്നു പിന്നീടായിരുന്നു ബി.ജെ.പിയുടെ മുന്നേറ്റം. ഒടുവിൽ 6741 വോട്ടിന്റെ വിജയത്തോടെ ജയന്റ് കില്ലറായി വെങ്കട രമണ മാറി.

കോൺഗ്രസ്സിന്റെയും ബി.ആർ.എസ്സിന്റെയും തലവന്മാരെ വെട്ടിവീഴ്ത്തിയ 53കാരനായ വെങ്കട രമണ റെഡ്ഡി തെലങ്കാനയിലെ അറിയപ്പെടുന്ന വ്യവസായിയാണ്. 12ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വെങ്കട രമണ റെഡ്ഡിക്ക് 49.7 കോടിയുടെ ആസ്തിയുണ്ട്. 9.8 ലക്ഷം രൂപയാണ് വരുമാനം. 58.3 ലക്ഷം രൂപ കടബാദ്ധ്യതയുണ്ടെന്നും നാമനിർദേശ പത്രികയിലെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതുവരെ 11 ക്രിമിനൽ കേസുകൾ വെങ്കട രമണ റെഡ്ഡിയുടെ പേരിലുണ്ട്.

ബി.ആർസ്സിന്റെ അധീനതയിലുള്ള മണ്ഡലമായിരുന്നു കാമറെഡ്ഡി. 2018ൽ

ബി.ആർ.എസ്സിന്റെ ഗംപ ഗോവർധനാണ് വിജയം നേടിയത്. ആകെ വോട്ടിന്റെ 42 ശതമാനം ഗംപ നേടിയിരുന്നു. കാമറെഡ്ഡിയിൽ തോറ്റെങ്കിലും കെ.സി.ആറും രേവന്ത് റെഡ്ഡിയും മറ്റ് മണ്ഡലങ്ങളിൽ നിന്ന് വിജയം നേടി.

Advertisement
Advertisement