ഫൈനലിലേക്ക് ബി.ജെ.പി; സെമിയിൽ തോറ്റ് കോൺഗ്രസ്

Monday 04 December 2023 1:15 AM IST

ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തോടെ, ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസത്തോടെ നടന്നടുക്കാൻ ഹിന്ദി ഹൃദയഭൂമിയിൽ വഴിത്താര വെട്ടിത്തുറന്ന് നരേന്ദ്രമോദി-അമിത് ഷാ ടീം. അതേസമയം, സെമിഫൈനലിൽ തോറ്റ അവസ്ഥയിലാണ് കോൺഗ്രസ്.

രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കോൺഗ്രസിന് ഭരണം വിട്ടുകൊടുത്ത ആശങ്കയിലായിരുന്നു 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബി.ജെ.പി നേരിട്ടത്. ആ വിജയതരംഗം ലോക്സഭയിലും ആവർത്തിക്കുമെന്നായിരുന്നു

കോൺഗ്രസിന്റെ പ്രതീക്ഷ. പക്ഷേ ടീം മോദിയുടെ തേരോട്ടം ചരിത്രമായി. 2018ലെ പിഴവുകൾ തിരുത്തിയാണ് 2023ൽ ബി.ജെ.പി ഈ മൂന്നിടങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് വ്യക്തം.

2018ൽ മൂന്നിടത്തും ബി.ജെ.പിയോടുള്ള ഭരണവിരുദ്ധ വികാരമാണ് കോൺഗ്രസിന് ഗുണം ചെയ്‌തത്. ഇക്കുറി ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസ് സർക്കാരിനെതിരായ ഭരണവിരുദ്ധ തരംഗം ബി.ജെ.പിയെ തുണച്ചു.

പിഴവുകളിൽ നിന്ന് പാഠമുൾക്കൊണ്ട്, ബൂത്തു തലം മുതൽ പ്രവർത്തിച്ച് വോട്ടർമാരെ സ്വാധീനിക്കുന്ന തന്ത്രം ബി.ജെ.പിയിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു കോൺഗ്രസ്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇന്ത്യ മുന്നണിക്കൊപ്പം തിരിച്ചുവരണമെങ്കിൽ ഈ പാഠം പഠിക്കുക തന്നെ വേണം. അവിടെയാണ് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള അന്തരവും 2014 മുതൽ മോദി-അമിത് ഷാ ദ്വയം നടപ്പാക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ പ്രസക്തിയും. കേന്ദ്രത്തിന്റെ ക്ഷേമപദ്ധതികൾ ഉയർത്തിക്കാട്ടുന്ന ഭാരത് സങ്കൽപ് യാത്ര എന്ന മെഗാ പ്രചാരണം ബി. ജെ. പി തുടങ്ങിക്കഴിഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിൽ വരുന്ന സ്വന്തം സർക്കാരുകൾ അനുകൂല സാഹചര്യമൊരുക്കും. 'ഇരട്ട എൻജിൻ' മുദ്രാവാക്യത്തിനും പ്രസക്തിയേറി.


ബി.ജെ.പിയുടെ തന്ത്രങ്ങൾ

ഛത്തീസ്ഗഡിലും രാജസ്ഥാനിലും മുൻ മുഖ്യമന്ത്രിമാരായ രമൺ സിംഗിനെയും വസുന്ധര രാജെ സിന്ധ്യയെയും ഒതുക്കി പുതുമുഖങ്ങളെ ഇറക്കി. മധ്യപ്രദേശിൽ 18 വർഷത്തെ ഭരണത്തിനെതിരായ വികാരം തിരിച്ചറിഞ്ഞ് ശിവ്‌രാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചില്ല. അദ്ദേഹം പ്രചാരണത്തിൽ മുൻപന്തിയിലുണ്ടായിരുന്നു. ഛത്തീസ്ഗഡിൽ പിന്നാക്ക, പട്ടിക വർഗ മേഖലകളിൽ നഷ്‌ടപ്പെട്ട അപ്രമാദിത്തം തിരിച്ചുപിടിച്ചതിന്റെ തെളിവാണ് സീറ്റുകളിലെ വർദ്ധന. മധ്യപ്രദേശിൽ 2018ൽ പിണങ്ങിയ ഭൂരിപക്ഷ സമുദായങ്ങളെ ഇക്കുറി വിശ്വാസത്തിലെടുത്ത് ആ വോട്ട്ബാങ്കും തിരിച്ചു പിടിച്ചു.

ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസ് സർക്കാരുകളുടെ അഴിമതി ആയുധമാക്കി. മധ്യപ്രദേശിൽ കോൺഗ്രസ് ഇതേ ആയുധം ഉപയോഗിച്ചത് പ്രതിരോധിച്ചു. മധ്യപ്രദേശിലെ പാർട്ടി അടിത്തറ ഉപയോഗിച്ച് വോട്ടുകൾ താമരചിഹ്നത്തിന് ഉറപ്പാക്കി. റാലികളിലും പ്രചാരണങ്ങളിലും നരേന്ദ്ര മോദിയുടെ സ്വീകാര്യത മുതലാക്കി.

കർണാടകയിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ സൗജന്യ ക്ഷേമ പദ്ധതികളും ഗാരന്റികളും പ്രഖ്യാപിച്ച് വോട്ടർമാരെ സ്വാധീനിക്കാനായിരുന്നു കോൺഗ്രസ് ശ്രമം. കോൺഗ്രസിന്റെ ഗാരന്റി രാഷ്ട്രീയത്തെ 'മോദിയുടെ ഉറപ്പുകളുമായാണ്" ബി.ജെ.പി നേരിട്ടത്. ഏറെ പ്രതീക്ഷയോടെ കോൺഗ്രസ് ഉയർത്തിയ ജാതി സെൻസസ്

ജാതി-മത സമവാക്യങ്ങൾ നിർണായകമായ ഹിന്ദി ബെൽറ്റിൽ ഏശിയതുമില്ല.

ന്യൂനപക്ഷങ്ങളിൽ കോൺഗ്രസിന്റെ സ്വാധീനം കേന്ദ്ര പദ്ധതികളുടെയും ബൂത്തു തലത്തിലെ മികച്ച ഏകോപനത്തിലൂടെയും ബി. ജെ. പി പ്രതിരോധിച്ചു. ഒൻപത് വർഷമായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ സാമ്പത്തിക, വിഭവ ശേഷി മൂന്നിടത്തും കോൺഗ്രസിന് മേൽ ആധിപത്യം സ്ഥാപിക്കാനും സഹായിച്ചു.

തെലങ്കാനയിൽ കോൺഗ്രസുമായി നേരിട്ടായിരുന്നില്ല ഏറ്റുമുട്ടലെന്ന് ബി.ജെ.പിക്ക് സമാധാനിക്കാം. ത്രികോണ പോരാട്ടത്തിൽ ബി.ജെ.പിയും ബി.ആർ.എസിനെയാണ് പ്രധാനമായി നേരിട്ടത്. എന്നിട്ടും അവിടെ സീറ്റ് വർദ്ധിപ്പിച്ചത് നേട്ടമായി.

2024ൽ പുതിയ ലക്ഷ്യങ്ങൾ

ജനുവരി 22ന് അയോദ്ധ്യയിൽ രാമക്ഷേത്ര പ്രതിഷ്‌‌ഠ ബി.ജെ.പിയുടെ തുറുപ്പുചീട്ടാകും. കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിയുടെ നീക്കങ്ങൾക്കനുസരിച്ചാകും മറ്റു നീക്കങ്ങൾ. ഏകസിവിൽ കോഡ് പോലുള്ള ലക്ഷ്യങ്ങളിലേക്കും നീങ്ങാം.

ആത്മവിശ്വാസം തകർന്ന് കോൺഗ്രസ്

ഛത്തീസ്ഗഡിൽ തുടർഭരണവും മധ്യപ്രദേശിൽ തിരിച്ചുവരവും പ്രതീക്ഷിച്ച കോൺഗ്രസിന് വൻ തിരിച്ചടിയാണുണ്ടായത്. രാജസ്ഥാനിൽ അശോക് ഗെലോട്ടിന്റെ കൗശലവും തുണച്ചില്ല. ഗെലോട്ട് - പൈലറ്റ് പോര് വിനയാവുകയും ചെയ്‌തു.

കർണാടക വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യ മുന്നയിലെ മറ്റ് കക്ഷികളെ വകവയ്‌ക്കാതെയായിരുന്നു മധ്യപ്രദേശിലെയും മറ്റും കോൺഗ്രസിന്റെ നീക്കങ്ങൾ. മധ്യപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ധാരണ അലസിയത് മുന്നണിയിലും അലോസരമുണ്ടാക്കി. ഇന്ത്യാ മുന്നണിയിൽ ആധിപത്യത്തിനുള്ള കോൺഗ്രസിന്റെ നീക്കങ്ങൾക്കും എൻ.ഡി.എക്ക് ബദലാകാമെന്ന പ്രതീക്ഷകൾക്കും പിന്നോട്ടടിക്കുന്നു.

ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധിയെ കൂടുതൽ സ്വീകാര്യനാക്കിയെന്ന കോൺഗ്രസിന്റെ അവകാശവാദം തള്ളുന്നതാണ് ഈ തോൽവി. മോദിയുടെ മുഖ്യ എതിരാളിയായി രാഹുലിനെ ഉയർത്തിക്കാട്ടുന്ന കോൺഗ്രസ് ബദൽ ചോദ്യം ചെയ്യപ്പെടുന്നു. ഇന്ത്യാ മുന്നണിയിൽ രാഹുലും കോൺഗ്രസും ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടി വരും. ജെ.ഡിയു, തൃണമൂൽ പാർട്ടികൾ വിമർശനങ്ങളുമായി ഇറങ്ങിക്കഴിഞ്ഞു.

Advertisement
Advertisement