ദൂരെ ദൂരെ ഭൂമിയുടെ അപരൻ

Monday 04 December 2023 6:51 AM IST

ന്യൂയോർക്ക്: ഭൂമിയെ പോലൊരു ഗ്രഹം ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണിൽ കാണില്ലേ ? അവിടെ മനുഷ്യരെ പോലെയുള്ള ജീവികളും നാഗരികതയുമൊക്കെ കാണുമോ ? ഏവരുടെയും മനസിലുള്ള ഒരു വലിയ ചോദ്യമാണിത്. ഭൂമിക്ക് പുറത്ത് മറ്റൊരു ഭൂമിയുണ്ടോ എന്ന ശാസ്ത്ര ലോകത്തിന്റെ അന്വേഷണം എന്നും കൗതുകമുണർത്തുന്ന ഒന്നാണ്. നിലവിൽ ഭൂമിയിലേത് പോലെ ജീവജാലങ്ങളുള്ള ഒരു ഗ്രഹം കണ്ടെത്തിയിട്ടില്ല. എന്നാൽ, ജീവന്റെ സാന്നിദ്ധ്യത്തെ പറ്റിയുള്ള അന്വേഷണത്തിന് വഴികാട്ടിയായേക്കാവുന്ന നിരവധി ഗ്രഹങ്ങളെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്.

അത്തരത്തിൽ ഒന്നാണ് ടി.ഒ.ഐ - 1231 ബി എന്ന ഗ്രഹം. 2021ലാണ് നാസ ഈ ഗ്രഹത്തെ കണ്ടെത്തിയത്. ഭൂമി സൂര്യനെ ചുറ്റുന്നതിന് സമാനമായി ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെയാണ് ടി.ഒ.ഐ - 1231 ബി വലംവയ്ക്കുന്നത്. 24 ദിവസങ്ങൾ കൊണ്ടാണ് ടി.ഒ.ഐ - 1231 ബി മാതൃ നക്ഷത്രത്തിന് ചുറ്റും ഒരു ഭ്രമണപഥം പൂർത്തിയാക്കുന്നത്. ഭൂമിയിൽ നിന്ന് 90 പ്രകാശവർഷം അകലെയാണ് ടി.ഒ.ഐ - 1231 ബി. സൗരയൂഥത്തിന് പുറത്ത് ഇന്നേവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് താരതമ്യേന ഏറ്റവും തണുത്തതും വലിപ്പം കുറഞ്ഞതുമായ ഗ്രഹമാണിത്.

ടി.ഒ.ഐ - 1231 ബിയുടെ അന്തരീക്ഷത്തിൽ ഭൂമിയിലേത് പോലെ മേഘങ്ങളുണ്ടാകാമെന്നും ഒരു പക്ഷേ, അതിൽ ജലത്തിന്റെ സാന്നിദ്ധ്യമുണ്ടാകാമെന്നുമാണ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെയും യൂണിവേഴ്സിറ്റി ഒഫ് ന്യൂമെക്സിക്കോയിലെയും ഗവഷകരുടെ അഭിപ്രായം.

ഏകദേശം ശരാശരി 57 ഡിഗ്രി താപനിലയുള്ള ടി.ഒ.ഐ - 1231 ബിയ്ക്ക് ഭൂമിയേക്കാൾ മൂന്നര ഇരട്ടി വലിപ്പം കൂടുതലാണ്. എന്നാൽ, നെപ്ട്യൂണിനേക്കാൾ വലിപ്പം കുറവാണ്. ഭ്രമണം ചെയ്യുന്ന നക്ഷത്രത്തോട് അടുത്ത് നിൽക്കുന്ന ടി.ഒ.ഐ - 1231 ബിയിൽ ഭൂമിയ്ക്ക് സമാനമായ അന്തരീക്ഷത്തിന്റെ സാന്നിദ്ധ്യമുണ്ടായേക്കാം എന്നാണ് കരുതുന്നത്. പക്ഷേ, നെപ്ട്യൂണിനെ പോലെ വാതക അന്തരീക്ഷമായിരിക്കാനാണ് കൂടുതൽ സാദ്ധ്യത എന്നാണ് വിലയിരുത്തൽ.

ഇതേ പറ്റി കൂടുതൽ പഠനങ്ങൾ തുടരുകയാണ്. മനുഷ്യന് വാസയോഗ്യമല്ലാത്ത ഈ ഗ്രഹം സൗരയൂഥത്തിന് പുറത്തെ ഗ്രഹങ്ങളെ കുറിച്ചുള്ള നിർണായകമായ വിവരങ്ങൾ കൈമാറുമെന്നാണ് പ്രതീക്ഷ.

Advertisement
Advertisement