രാജ്യത്ത് ഒരു ദിവസം ശരാശരി 78 കൊലപാതകങ്ങള്‍, സംസ്ഥാനങ്ങളില്‍ ഒന്നാമത് ഉത്തര്‍പ്രദേശ് 

Monday 04 December 2023 2:41 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു ദിവസം ശരാശരി 78 കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതായി നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി). 2022ല്‍ മാത്രം രാജ്യത്ത് 28,522 കൊലപാതകങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓരോ മണിക്കൂറിലും മൂന്ന് കൊലപാതങ്ങളാണ് രാജ്യത്ത് നടക്കുന്നത്. 2021ല്‍ 29,272 കേസുകളും 2020ല്‍ 29,193 കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു.

2022ല്‍ നടന്ന കൊലപാതങ്ങളില്‍ 9962 കേസുകള്‍ തര്‍ക്കത്തെ തുടര്‍ന്നുള്ളതും 3761 എണ്ണം ശത്രുത കാരണവും 1884 എണ്ണം സ്വത്ത് അപഹരിക്കല്‍ ലക്ഷ്യമിട്ടുള്ളതുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ലക്ഷം ആളുകളില്‍ 2.1 ശതമാനമാണ് കൊലപാതകത്തിന് ഇരയാകുന്നത്. ഇതില്‍ 81.5 ശതമാനം കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കുന്നുണ്ട്.

ഏറ്റവും അധികം കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനം ഉത്തര്‍പ്രദേശ് ആണ്. 2022ല്‍ 3491 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ബീഹാറില്‍ 2930, മഹാരാഷ്ട്രയില്‍ 2295, മദ്ധ്യപ്രദേശില്‍ 1978, രാജസ്ഥാന്‍ 1834 എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസുകളുടെ എണ്ണം.

കേന്ദ്രഭരണ പ്രദേശങ്ങളില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് ഒന്നാമത്. 509 കേസുകളാണ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തത്. ജമ്മു കാശ്മീര്‍ (99), പുതുച്ചേരി (30), ആന്‍ഡമാന്‍ (7), ലഡാക്ക് (5) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. സിക്കിം, നാഗാലാന്‍ഡ്, മിസോറാം, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് കേസുകള്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജനസംഖ്യയിലെ ഒരു ലക്ഷം പേരുടെ കണക്കിന്റെ അചിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ജാര്‍ഖണ്ഡ്(4), അരുണാചല്‍ പ്രദേശ് (3.6) യുപി (1.5) ബീഹാര്‍ (2.3), മഹാരാഷ്ട്ര (1.8), മദ്ധ്യപ്രദേശ് (2.3) രാജസ്ഥാന്‍ (2.3) എന്നിങ്ങനെയാണ് കണക്കുകള്‍.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉത്തര്‍പ്രദേശില്‍ കൊലപാതകങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും ജനസംഖ്യാ ആനുപാതികമായി പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാണെും എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആകെ കൊല്ലപ്പെട്ടതില്‍ 8125 പേര്‍ സ്ത്രീകളും ഒന്‍പത് ട്രാന്‍സ്‌ജെന്‍ഡറുകളും ബാക്കി പുരുഷന്‍മാരുമാണ്. കൊല്ലപ്പെട്ടവരില്‍ 95.4 ശതമാനവും പ്രായപൂര്‍ത്തിയായവരാണെന്നും എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Advertisement
Advertisement