യുവാവിന്റെ കർണ്ണപടം അടിച്ചു പൊട്ടിച്ച പൊലീസുകാരന് തടവ് ശിക്ഷ

Wednesday 06 December 2023 3:46 AM IST

കൊടുങ്ങല്ലൂർ: യുവാവിന്റെ കർണ്ണപടം അടിച്ചു പൊട്ടിച്ച പൊലീസുകാരനെ മൂന്ന് മാസത്തെ തടവിനും 50,000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി ശിക്ഷിച്ചു. പുല്ലൂറ്റ് കോയംപറമ്പത്ത് പ്രസന്നൻ മകൻ സത്യജിത്തിന്റെ ചെകിടത്ത് അടിച്ചതിനെ തുടർന്ന് കർണ്ണപടത്തിന് പൊട്ടൽ ഉണ്ടായതാണ് ശിക്ഷയ്ക്ക് കാരണമായത്. കൊടുങ്ങല്ലൂർ സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളായിരുന്ന ബെന്നി ജെറാൾഡിനെയാണ് മൂന്ന് മാസത്തെ തടവ് ശിക്ഷയ്ക്കും 50,000 രൂപ നഷ്ട പരിഹാരം നൽകാനും കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. 2012 ആഗസ്റ്റ് ആറിന് രാവിലെ 9.30 മണിക്ക് പുല്ലുറ്റ് ഹൈസ്‌ക്കൂളിന് മുൻവശമുള്ള റോഡിൽ സ്‌കൂൾ ഡ്യൂട്ടി ചെയ്തു വരവെ പൊലീസുകാരനായ ബെന്നി ജെറാൾഡ് ആ സമയം മോട്ടോർ ബൈക്ക് ഓടിച്ചു വന്നിരുന്ന സത്യജിത്തിന്റെ സുഹൃത്ത് അതുലിനെ തടഞ്ഞ് നിറുത്തി സത്യജിത്തിനെ വീട്ടിൽ നിന്ന് വിളിച്ചു വരുത്തുകയും ബൈക്ക് പൊലീസുകാരൻ സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചതിൽ സ്റ്റാർട്ട് ആകാതെ വന്ന സമയം സത്യജിത്ത് സ്റ്റാർട്ടാക്കി നൽകാമെന്ന് പറഞ്ഞ് സ്റ്റാർട്ട് ആക്കി കൊടുത്തതിലുള്ള ദേഷ്യത്തിൽ പൊലീസുകാരൻ ഇടതു കൈകൊണ്ട് സത്യജിത്തിന്റെ വലതു ചെവിയിൽ ശക്തിയായി അടിച്ചപ്പോഴാണ് കർണ്ണപടത്തിൽ പൊട്ടൽ സംഭവിച്ചത്. പൊലീസുകാരനെതിരെ സത്യജിത്തിന്റെ മാതാവ് രോഹിണി കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ബോധിപ്പിച്ച സ്വകാര്യ ആവലാതിയിലാണ് കോടതി പൊലീസുകാരനായ ബെന്നി ജെറാൾഡിനെ ശിക്ഷിച്ചത്. സത്യജിത്തിനെ കൊടുങ്ങല്ലൂർ ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റ് ഡോ. കല സംഭവ ദിവസം ചികിത്സിച്ചിരുന്നു. കർണപടത്തിന് പൊട്ടൽ സംഭവിച്ചതിനെത്തുടർന്ന് സത്യജിത്തിനെ തൃശൂർ അശ്വനി ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗവും തൃശൂർ സരോജ ഇ.എൻ.ടി ആശുപത്രിയിലെ ഡോക്ടർമാരും ചികിത്സിക്കുകയുണ്ടായി. വാദിക്കു വേണ്ടി അഡ്വെക്കറ്റുമാരായ പി.എം. അബ്ദുൾ ജലീൽ, ടി.വി. ഷാജി എന്നിവർ ഹാജരായി.

Advertisement
Advertisement