തിരഞ്ഞെടുപ്പിലെ തിരിച്ചടി: കമൽനാഥിനെ മാറ്റിയേക്കും

Wednesday 06 December 2023 12:46 AM IST

ന്യൂഡൽഹി: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിയുടെ പശ്‌ചത്താലത്തിൽ പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് കമൽനാഥിനെ മാറ്റിയേക്കും. രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലും പാർട്ടിയിൽ അടിമുടി മാറ്റമുണ്ടാകുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

മദ്ധ്യപ്രദേശിൽ കോൺഗ്രസ് പ്രചാരണത്തിന് നേതൃത്വം നൽകിയത് കമൽനാഥാണ്. പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്ന നിലപാടിലാണ് നേതൃത്വം. സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നാണ് കമൽനാഥ് നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തിയിരുന്നത്. സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ധാരണ പോലും വേണ്ടെന്നു വച്ചത് ഈ ആത്മവിശ്വാസത്തിലാണ്. പ്രചാരണങ്ങളിൽ 'ഇന്ത്യ" മുന്നണി നേതാക്കളെ ക്ഷണിക്കാതിരുന്നതും വിമർശനത്തിന് വഴിയൊരുക്കി. മുന്നണിയിലെ പാർട്ടികൾ വെവ്വേറെ മത്സരിച്ചത് ബി.ജെ.പിക്ക് നേട്ടമായെന്നും വിലയിരുത്തലുണ്ട്.

അതിനിടെ മദ്ധ്യപ്രദേശിൽ മത്സരിച്ച 230 സ്ഥാനാർത്ഥികളുടെയും യോഗം വിളിച്ച് അവലോകനം ചെയ്യാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചു.

വോട്ടിംഗ് യന്ത്രത്തിൽ സംശയം: ദിഗ്‌വിജയ് സിംഗ്

മദ്ധ്യപ്രദേശ് ബി.ജെ.പിക്ക് അധികാരത്തുടർച്ച നൽകിയതിൽ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിനും (ഇ.വി.എം) പങ്കുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. ചിപ്പ് ഉള്ള ഏത് മെഷീനും ഹാക്ക് ചെയ്യപ്പെടാം. 2003 മുതൽ താൻ ഇ.വി.എം വോട്ടിംഗിനെ എതിർക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തെ നിയന്ത്രിക്കാൻ പ്രൊഫഷണൽ ഹാക്കർമാരെ അനുവദിക്കാമോ! രാഷ്ട്രീയ പാർട്ടികൾ അഭിസംബോധന ചെയ്യേണ്ട അടിസ്ഥാന ചോദ്യമാണിത്. തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീംകോടതിയും ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുമോയെന്നും എക്‌സിലൂടെ അദ്ദേഹം ചോദിച്ചു.

തങ്ങളുടെ ഗ്രാമത്തിൽ 50 വോട്ട് പോലും ലഭിച്ചില്ലെന്ന് ചില മുൻ എം.എൽ.എമാർ പരാതിപ്പെട്ടതായി കമൽനാഥും പറഞ്ഞു.
എന്നാൽ ഇ.വി.എമ്മുകളുടെ വിശ്വാസ്യത അദ്ദേഹം ചോദ്യം ചെയ്‌തില്ല.

ബി.ജെ.പി മുഖ്യമന്ത്രിമാർ: ചർച്ച തുടരുന്നു

തിരഞ്ഞെടുപ്പ് ഫലം വന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. മദ്ധ്യപ്രദേശിൽ ശിവ്‌രാജ് സിംഗ് ചൗഹാന് സാദ്ധ്യതയുണ്ടെങ്കിലും മറ്റുപേരുകളും പരിഗണിക്കുന്നു. രാജസ്ഥാനിൽ മുൻമുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്‌ക്ക് 30ലധികം എം.എൽ.എമാർ പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കിയില്ല. ഛത്തീസ്ഗഢിൽ കേന്ദ്രമന്ത്രി രേണുക സിംഗിന്റെ പേരും ഉയരുന്നുണ്ട്.

Advertisement
Advertisement