സ്‌ക്രീൻ ഷെയർ ആപ്പ് വഴി ഓൺലൈൻ തട്ടിപ്പ്; പാട്യം സ്വദേശിക്ക് 2.32 ലക്ഷം നഷ്ടം

Thursday 07 December 2023 3:08 AM IST

കതിരൂർ: ലോൺ ക്ലോസ് ചെയ്യാനായി ബാങ്കിനെ ബന്ധപ്പെടാൻ ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ കിട്ടിയ നമ്പറിൽ വിളിച്ച റിട്ട.ആർമി ഉദ്യോഗസ്ഥന് പണം നഷ്ടമായി. ആർമിയിൽ നിന്നും റിട്ടയർ ആയശേഷം തന്റെ പേരിൽ രാജസ്ഥാൻ ജയ്‌സാൽമീറിലുള്ള ബാങ്കിന്റെ ലോൺ തിരിച്ചടക്കാൻ ശ്രമിച്ച കതിരൂർ സ്വദേശിക്കാണ് പല തവണകളിലായി 232535 രൂപ നഷ്ടമായത്.

ഗൂഗിളിൽ നിന്ന് കിട്ടിയ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ബാങ്കിന്റെ സീനിയർ കൺസൾട്ടന്റാണെന്ന് പരിചയപ്പെടുത്തിയാൾ പ്ലേസ്റ്റോറിൽ നിന്ന് ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. അതിന് ശേഷം ആപ്ലിക്കേഷന് പെർമിഷൻ നൽകിയതോടെ റിട്ട. ഉദ്യോഗസ്ഥന്റെ ഫോൺ സ്‌ക്രീൻ ഷെയർ ചെയ്യപ്പെടുകയും തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് എ.ടി.എം വഴി പണം തട്ടിയെടുക്കുകയുമായിരുന്നു. സ്‌ക്രീൻ ഷെയർ ചെയ്യപ്പെട്ടതോടെ ബാങ്കിന്റെ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാൻ പറഞ്ഞാണ് തട്ടിപ്പുകാർ വിവരങ്ങൾ ശേഖരിച്ചത്. കതിരൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അങ്ങനെ ആവശ്യപ്പെടില്ല

ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ വ്യക്തിവിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ലെന്നും ഇത്തരം ഫോൺകോളുകൾ, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകൾ എന്നിവ പൂർണമായും അവഗണിക്കണമെന്നും പൊലീസ് പറഞ്ഞു.

സ്ക്രീൻ ഷെയർ ആപ്പുകൾ

അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള ഒരു എളുപ്പ വഴിയാണ് സ്‌ക്രീൻ ഷെയർ ആപ്ലിക്കേഷനുകൾ. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളും നിങ്ങൾക്ക് അയച്ചുതരും. ബാങ്കുകളുടെ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാൻ പറഞ്ഞും ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ പറഞ്ഞുമാണ് സ്‌ക്രീൻ ഷെയറിംഗിലൂടെ തട്ടിപ്പുകാർ അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്നത്. സ്‌ക്രീൻ ഷെയറിംഗ് സാദ്ധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും.

Advertisement
Advertisement