കുതിച്ചുയരുന്ന ഉള്ളിവിലയ്‌ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര സർക്കാർ; അടുത്ത വർഷം മാർച്ച് 31വരെ കയറ്റുമതി നിരോധിച്ചു

Friday 08 December 2023 1:01 PM IST

ന്യൂഡൽഹി: രാജ്യത്ത് നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. 2024 മാർച്ച് 31 വരെയാണ് കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തിയിട്ടുള്ളത്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിളനാശമുണ്ടായതിന് പിന്നാലെ വിപണിയിൽ ഉള്ളി വില കുതിച്ചുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി.

നേരത്തേ ഉള്ളി വില കുത്തനെ ഉയർന്നെങ്കിലും അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉള്ളി വില നിയന്ത്രിക്കാൻ സർക്കാർ മുൻകൈ എടുത്തിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കയറ്റുമതി നിയന്ത്രിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ഒട്ടുമിക്ക വിഭവങ്ങളുടെയും പ്രധാന ചേരുവ ഉള്ളിയാണ്. അതിനാൽ തന്നെ ഇതിന്റെ വില വർദ്ധന സാമ്പത്തികമായി താഴേത്തട്ടിലുള്ള ജനങ്ങളെ സാരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.

Advertisement
Advertisement