100 രൂപയ്‌ക്ക് ക്രിസ്‌മസ് ട്രീ, 250ന് പുൽക്കൂട്; ഇത്തവണ ക്രിസ്‌മസ് കളറാക്കാൻ 'ലിയോയും ജയിലറും'

Saturday 09 December 2023 10:46 AM IST

തിരുവനന്തപുരം: നാടെങ്ങും ക്രിസ്മസിനെ വരവേൽക്കാൻ തയ്യാറായിക്കഴിഞ്ഞു. നക്ഷത്രങ്ങളും പുൽക്കൂടും അലങ്കാര ബൾബും ക്രിസ്‌മസ്‌ തൊപ്പിയും ക്രിസ്മസ് ട്രീയുമായി ക്രിസ്മസ് വിപണി സജീവമായി.

പാതയോരങ്ങൾ അലങ്കാര ബൾബുകളും നക്ഷത്രങ്ങളും കൊണ്ട് വെട്ടിത്തിളങ്ങുകയാണ്. നക്ഷത്രങ്ങളിൽ 'ലിയോ'യും 'ജയിലറു'മാണ് ഈ വർഷത്തെ താരങ്ങൾ. നാല് നക്ഷത്രങ്ങൾ ഒന്നിച്ച് ചേർന്നതാണ് ലിയോ.45 പാറ്റേണിൽ മാറി മാറി ലൈറ്ര് തെളിയുന്നതാണ് ജയിലറുടെ പ്രത്യേകത.500 മുതൽ 650 രൂപ വരെയാണ് വില. കൂടാതെ നിയോൺ,​സാന്താക്ലോസ് തുടങ്ങി വ്യത്യസ്തങ്ങളായ എൽ.ഇ.ഡി ലൈറ്രുകളും പേപ്പർ നക്ഷത്രങ്ങളും എത്തിയിട്ടുണ്ട്. പേപ്പർ നക്ഷത്രങ്ങൾ 20 രൂപ മുതൽ കിട്ടും.100 മുതൽ 2000 രൂപ വരെയാണ് എൽ.ഇ.ഡി നക്ഷത്രങ്ങളുടെ വില.

വലിപ്പത്തിനനുസരിച്ചാണ് പുൽക്കൂടിനും ക്രിസ്മസ് ട്രീയ്ക്കും വില.പച്ചട്രീകൾ കൂടാതെ വെള്ളനിറത്തിലുള്ള ട്രീകളും കടകളിൽ കാണാം. അഞ്ചടി വരെയുള്ള ക്രിസ്മസ് ട്രീയാണ് വിപണിയിലുള്ളത്.

വർഷങ്ങളോളം കേടുവരാത്ത ചൂരൽ പുൽക്കൂടാണ് ട്രെൻഡ്.പുൽക്കൂടിൽ വയ്ക്കുന്ന സെറ്റിന് 200 രൂപ മുതലാണ് വില.

ക്രിസ്മസ് പപ്പയുടെ തൊപ്പിക്കും വസ്ത്രത്തിനും മുഖം മൂടിക്കും കുട്ടികളാണ് ആവശ്യക്കാരേറെയും. റബർ മുഖം മൂടിക്ക് 60 രൂപയും പ്ലാസ്റ്റിക് മുഖം മൂടിക്ക് 10 രൂപയുമാണ് വിലവരുന്നത്.

ഡിസൈൻ മാറി മാറി കത്തുന്ന മിന്നൽ ലൈറ്റുകൾക്കും ആവശ്യക്കാർ കൂടുതലാണ്. ക്രിസ്മസ് കാർഡുകൾക്ക് ആവശ്യക്കാരെത്തിത്തുടങ്ങി. ക്രിസ്മസ് വിപണി മുൻ വർഷത്തെക്കാൾ ഉഷാറാണെന്നും സ്റ്റോക്കുകൾ വളരെ പെട്ടെന്ന് വിറ്റുപോകുന്നതായും വ്യാപാരികൾ പറയുന്നു.

 പൊലീസുകാരുടെ കച്ചവടം ഉഷാർ

തിരുവനന്തപുരം: നന്ദാവനം എ.ആർ ക്യാമ്പിന് മുൻവശം പ്രവർത്തിക്കുന്ന പൊലീസ് സഹകരണസംഘത്തിന്റെ സഹകരണ സൂപ്പർ ബസാറിലും ക്രിസ്മസ് കച്ചവടം പൊടിപ്പൊടിക്കുകയാണ്.ക്രിസ്മസ് കളറാക്കാൻ ആവശ്യമായതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ജോലിയുടെ ഇടവേളകളിൽ കടയിലെത്തി പൊലീസുകാർ തന്നെയാണ് കച്ചവടം നിയന്ത്രിക്കുന്നത്.എല്ലാ സാധനങ്ങൾക്കും 15 ശതമാനം മുതൽ 70 ശതമാനം വരെ വിലക്കുറവുണ്ട്. പൊലീസുകാർക്ക് മാത്രമല്ല പൊതുജനങ്ങൾക്കും ഈ വിലക്കിഴിവ് ലഭ്യമാണ്. ഇക്കഴിഞ്ഞ ഒന്നിന് തന്നെ ക്രിസ്മസ് കച്ചവടം ആരംഭിച്ചു.സീരിയൽ ബൾബിലും ഒൻപത് വെറൈറ്റികൾ ഇവിടെയുണ്ട്. ആറ് വലിയ നക്ഷത്രവും ആറ് ചെറിയ നക്ഷത്രവും ചേരുന്ന ചെയിൻ സ്റ്റാർ ലൈറ്റിനും ആവശ്യക്കാരെറെയാണ്.അതിശയിപ്പിക്കുന്ന വിലക്കുറവായതിനാൽ രാവിലെ മുതൽ നല്ലതിരക്കാണ്.രാവിലെ 10 മുതൽ രാത്രി 8വരെയാണ് പ്രവർത്തനം. ക്രിസ്മസ് കച്ചവടം 24ന് അവസാനിക്കും. നിത്യോപയോഗ സാധനങ്ങൾക്കും പൊതുവിപണിയേക്കാൾ 15 ശതമാനം മുതൽ 60 ശതമാനം വരെ വിലക്കുറവുണ്ട്.

പൊലീസ് വിപണിയിൽ വില

എൽ.ഇ.ഡി,പേപ്പർ സ്റ്റാർ - 99 രൂപ മുതൽ

ലിയോ സ്റ്റാർ - 475 രൂപ

നിയോൺ സ്റ്റാർ -230രൂപ മുതൽ 570 രൂപ വരെ

ചെയിൻ സ്റ്റാർ ലൈറ്റ്-310

ക്രിസ്മസ് ട്രീ-585 രൂപ(3 അടി),1315 രൂപ(8 അടി)

പുൽക്കൂട്-219 രൂപ

പൂൽക്കൂട് സെറ്റ്-201 രൂപ

കേക്ക്-148 രൂപ (അരക്കിലോ)

വൈൻ-275 രൂപമുതൽ

അലങ്കാര വസ്തുക്കൾ-26 രൂപ മുതൽ

പൊതുവിപണി വില

പുൽക്കൂട് വില - 250 മുതൽ 2500 രൂപ വരെ

ചൂരൽ പുൽക്കൂടിന് - 400 മുതൽ

ക്രിസ്മസ് ട്രീ - 100 രൂപ മുതൽ 6000 വരെ

Advertisement
Advertisement