മൂന്ന് ക്യാരറ്റ് വീട്ടിലെടുക്കാനുണ്ടോ? ഓവനില്ലാതെ പഞ്ഞിപോലത്തെ ക്രിസ്‌മസ് കേക്ക് തയ്യാറാക്കാം
ക്രിസ്തുമസും ന്യൂഇയറും ഇങ്ങെത്താറായല്ലോ. ഇനി എല്ലാവരുടെയും ശ്രദ്ധ വെറൈറ്റി കേക്കുകളിലായിരിക്കും. കടകളിൽ കാണുന്ന പല കേക്കുകളും നമ്മളെ ആകർഷിപ്പിക്കും. എന്നാൽ അവയുടെ വില കേൾക്കുമ്പോൾ ചിലപ്പോൾ ഞെട്ടിപ്പോകുകയും ചെയ്യും. എന്നാൽ ഇനി അധികം ചെലവില്ലാതെ ഓവനിന്റെ സഹായം തേടാതെ കേക്കുണ്ടാക്കാവുന്നതാണ്. പോഷകഗുണങ്ങൾ ഏറെയുളള ക്യാരറ്റ് ഉപയോഗിച്ച് നമുക്ക് ഇനി മുതൽ വീടുകളിൽ തന്നെ ക്രിസ്തുമസ് കേക്ക് തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ക്യാരറ്റ്, പഞ്ചസാര, മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, സൺഫ്ലവർ ഓയിൽ, കോൺഫ്ലവർ, കശുവണ്ടി, ഉണക്കമുന്തിരി, വെളളം, ഗ്രാമ്പു,ഉപ്പ്
തയ്യാറാക്കുന്ന വിധം
ആവശ്യത്തിന് വലിപ്പത്തിനുളള മൂന്ന് ക്യാരറ്റുകൾ എടുക്കുക. ഇവയുടെ പുറം ഭാഗത്തെ തൊലി നീക്കം ചെയ്തിട്ട് നന്നായി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. 250എംഎലിന്റെ കപ്പിൽ മുറിച്ചെടുത്ത ക്യാരറ്റ് എടുക്കുക. ചീനച്ചട്ടിയിലേക്ക് ഒരു കപ്പ് പഞ്ചസാര എടുത്ത് നന്നായി ചൂടാക്കുക. നന്നായി മെൽറ്റ് ചെയ്ത് എടുക്കുക.ചുവപ്പ് നിറം വരുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക.കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം.
ഇതിലേക്ക് ഒരു കപ്പ് വെളളമൊഴിച്ചുകൊടുക്കുക.ശേഷം ചീനച്ചട്ടിയിലേക്ക് മുറിച്ചുവച്ചിരിക്കുന്ന ക്യാരറ്റും രണ്ട് പിടി ഉണക്കമുന്തിരിയും ഇടുക. ഇവയെ നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ രണ്ട് കപ്പ് മൈദ ചേർത്തുക്കൊടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ കോൺഫ്ളവറും കൂടി ചേർക്കുക.ഇതിലേക്ക് രണ്ട് ടീസ്പൂൺ ബേക്കിംഗ് പൗഡർ.അരടീസ്പൂൺ ബേക്കിംഗ് സോഡ,കാൽ ടീസ്പൂൺ ഉപ്പ് ഇവ ചേർത്ത് നന്നായി യോജിപ്പിച്ച് മൂന്ന് തവണയായി അരിച്ചെടുക്കുക.
ഇനി ഒരു കപ്പ് പഞ്ചസാര മിക്സിയുടെ ജാറിലെടുക്കുക. ഇതിലേക്ക് ആറ് ഗ്രാമ്പു ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ശേഷം ജലാംശം ഒട്ടുമില്ലാത്ത ഒരു ജാറിൽ നാല് മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ വാനിലാ എസൻസ് ചേർക്കുക. ഇതിനെ മുപ്പത് സെക്കൻഡ് അടിച്ചെടുക്കുക.അതിലേക്ക് പൊടിച്ചുവച്ചിരിക്കുന്ന പഞ്ചസാര കൂടി ചേർത്തുകൊടുക്കാം. ശേഷം ഇവയെ നന്നായി ഒന്നുകൂടി അടിച്ചെടുക്കുക.ഇതിലേക്ക് ഒരു കപ്പ് സൺഫ്ളവർ ഓയിൽ ചേർത്തതിന് ശേഷം നന്നായി അടിച്ചെടുക്കുക.
ശേഷം ഇതിനെ തണുക്കാനായി മാറ്റി വച്ചിരുന്ന ക്യാരറ്റിലേക്ക് ചേർക്കുക. നന്നായി യോജിപ്പിച്ചെടുക്കുക.ശേഷം പത്ത് ക്യാഷ്യൂനട്ട്സും കൂടി ചെറിയ തരികളായി പൊടിച്ചെടുക്കുക. ഇതിനെ അരിച്ചുവച്ചിരിക്കുന്ന മൈദയിൽ ചേർത്തുകൊടുക്കുക. മൈദ അരിച്ചുവച്ചിരിക്കുന്നതിനെ മുൻപ് തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം പത്ത് ഇഞ്ച് വലിപ്പത്തിലുളള ഒരു ബേക്കിംഗ് ട്രേ എടുക്കുക. ട്രേയിൽ അൽപം എണ്ണ പുരട്ടികൊടുക്കുക. ഇതിൽ ബട്ടർ പേപ്പർ വച്ചുകൊടുക്കാൻ മറക്കരുത്.അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഒഴിച്ചുകൊടുക്കുക. ഇതിനെ 45 മിനിട്ട് നേരം ചെറിയ തീയിൽ ചൂടാക്കിയെടുക്കുക. രുചികരമായ ക്യാരറ്റ് കേക്ക് തയ്യാറായി.