മന്ത്രി റിയാസ് പറഞ്ഞത് തന്നെക്കുറിച്ചല്ല: കടകംപള്ളി

Thursday 01 February 2024 2:56 AM IST

തിരുവനന്തപുരം: റോഡ്-ഓട വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് തന്നെക്കുറിച്ചല്ലെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു എം.എൽ.എ ഇക്കാര്യം പറഞ്ഞത്.

' 2021ൽ താൻ നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ വികസന സെമിനാറിൽ ആവർത്തിക്കുകയാണ് ചെയ്‌തത്. എന്നാൽ മന്ത്രിയുടെ പരാമർശങ്ങൾ തനിക്കെതിരെയുള്ള മറുപടിയായി മാദ്ധ്യമങ്ങൾ വ്യാഖ്യാനിച്ചതാണെന്നും' കടകംപള്ളി വിശദമാക്കി. എന്നാൽ സഭയിൽ കടകംപള്ളി നടത്തിയത് ഗവർണർക്കുള്ള നന്ദി പ്രമേയ പ്രസംഗമല്ലെന്നും മന്ത്രിയിൽ നിന്ന് നല്ലപോലെ പൊള്ളലേറ്റതിന്റെ അടയാളവും മുറിവും മായ്‌ക്കാനുള്ള പ്രസംഗമായിരുന്നെന്നും അവർ പരിഹസിച്ചു.

വർഷങ്ങളായി യാത്രാ സൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങൾ നഗരത്തിൽ താമസിക്കുന്നുവെന്നും രണ്ടുമൂന്ന് പദ്ധതികൾ തലസ്ഥാന നഗരത്തെ ശ്വാസം മുട്ടിക്കുകയാണെന്നുമായിരുന്നു നഗരസഭ വികസന സെമിനാറിലെ കടകംപള്ളിയുടെ വിമർശനം. എന്നാൽ കരാറുകാരനെ ഒഴിവാക്കിയത് ചിലർക്ക് പൊള്ളിയെന്നായിരുന്നു കടകംപള്ളിക്ക് മന്ത്രിയുടെ മറുപടി. ആ മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ലെന്നും പൊള്ളലേറ്റ് മുറിവുണങ്ങാത്തവർ എന്തുപറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും പൊതുചടങ്ങിൽ മന്ത്രി വിശദീകരിച്ചിരുന്നു.

വിഴിഞ്ഞം പദ്ധതിയെ തുരങ്കംവയ്‌ക്കാനും അട്ടിമറിക്കാനും ശ്രമിച്ച മഹാനാണ് എം.വിൻസെന്റ് എന്ന കടകംപള്ളിയുടെ പരാമർശമാണ് ബഹളത്തിന് വഴിവച്ചത്. പദ്ധതി തടസ്സപ്പെടുത്താൻ വിഴിഞ്ഞത്ത് ആളെക്കൂട്ടിയതിന് നേതൃത്വം കൊടുത്തയാളാണ് വിൻസെന്റെന്നും കടകംപള്ളി പറഞ്ഞു. ഇതോടെ വിൻസെന്റ് സീറ്റുവിട്ട് എഴുന്നേറ്റ് സ്‌പീക്കറുടെ ഡയസിനടുത്തേക്ക് നീങ്ങി. മറ്റ് പ്രതിപക്ഷ അംഗങ്ങളും ഡയസിനടുത്തെത്തി ബഹളംവച്ചു. പിന്നാലെ വിൻസെന്റ് ക്രമപ്രശ്‌നം ഉന്നയിച്ചു. നിയമസഭയ്‌ക്കകത്തും പുറത്തും വിഴിഞ്ഞം പദ്ധതിക്കുവേണ്ടി നിലകൊണ്ടവരാണ് താനും തന്റെ പാർട്ടിയുമെന്നും, വസ്‌തുത ഇതായിരിക്കെ വിരുദ്ധമായ ആരോപണങ്ങളുന്നയിച്ച കടകംപള്ളിയുടെ പരാമർശങ്ങൾ സഭാരേഖയിലുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന ചെയറിന്റെ ഉറപ്പോടെയാണ് ബഹളം അവസാനിച്ചത്.

Advertisement
Advertisement