ബ്രിട്ടണിലെ ചാൾസ് രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചു; പൊതുപരിപാടികൾ ഒഴിവാക്കും, വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മോദി

Tuesday 06 February 2024 11:47 AM IST

ലണ്ടൻ: ബ്രിട്ടണിലെ ചാൾസ് രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചതായി ബക്കിംഗ്‌ഹാം കൊട്ടാരം. 75കാരനായ ചാൾസ് രാജാവ് കഴിഞ്ഞമാസം മൂന്ന് ദിവസം പ്രോസ്റ്റേറ്റ് വീക്കത്തിന്റെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞുവെന്നും പിന്നീട് നടത്തിയ പരിശോധനകളിൽ ക്യാൻസർ കണ്ടെത്തിയതായും കൊട്ടാരം പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു. ആയതിനാൽ പൊതുപരിപാടികൾ മാറ്റിവയ്ക്കുമെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.

'ചാൾസ് രാജാവിന് ചികിത്സ ആരംഭിച്ചുകഴിഞ്ഞു. ഇക്കാലയളവിൽ പൊതുപരിപാടികൾ ഒഴിവാക്കാനാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ മറ്റ് കാര്യങ്ങളും പേപ്പർവർക്കുകളും പതിവുപോലെ തുടരും. വേഗത്തിൽ ഇടപെടൽ നടത്തിയതിന് രാജാവ് മെഡിക്കൽ ടീമിന് നന്ദി പറയുന്നു. അടുത്തിടെ ആശുപത്രിയിൽ കഴിഞ്ഞതോടെയാണ് രോഗം കണ്ടുപിടിക്കാനായത്. ചികിത്സകളോട് വളരെ അനുകൂലമായാണ് രാജാവ് പ്രതികരിക്കുന്നത്. എത്രയും പെട്ടെന്നുതന്നെ ജനസേവനത്തിലേയ്ക്ക് തിരികെയെത്താൻ കഴിയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തടയുന്നതിനായാണ് അദ്ദേഹം രോഗവിവരം പുറംലോകത്തോട് പങ്കുവച്ചത്. മാത്രമല്ല ക്യാൻസർ ബാധിതരായ എല്ലാവർക്കും അവബോധം നൽകുന്നതിനും വേണ്ടിയാണ്'- ബക്കിംഗ്‌‌ഹാം കൊട്ടാരം പ്രസ്‌താവനയിൽ അറിയിച്ചു.

ചാൾസ് രാജാവ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. അധികം വൈകാതെ തന്നെ അദ്ദേഹം പൂർണ ആരോഗ്യവാനായി തിരികെയെത്തുമെന്ന് ഉറപ്പുണ്ടെന്നും രാജ്യം മുഴുനവും അദ്ദേഹം തിരികെയെത്തുന്നത് ആഗ്രഹിക്കുകയാണെന്നും ഋഷി സുനക് കുറിച്ചു.

ചാൾസ് രാജാവ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസിച്ചു. ഇന്ത്യൻ ജനതയോടൊപ്പം ചേർന്ന് ചാൾസ് രാജാവിന് ആശംസകൾ നേരുന്നുവെന്നാണ് മോദി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.

Advertisement
Advertisement