ശാസ്ത്രസമീപനത്തിൽ മാനവികതയ്ക്ക് പ്രാമുഖ്യം നൽകണം: മുഖ്യമന്ത്രി

Saturday 10 February 2024 12:21 AM IST

കാസർകോട് :മാനവികതയിലൂന്നിയ ശാസ്ത്ര സമീപനം പ്രചരിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ശാസ്ത്രരംഗത്തെ കിടമത്സരങ്ങളും കുത്തകവത്ക്കരണവും ലാഭേച്ഛയ്ക്കു മാത്രം ഊന്നൽ നൽകുന്നതാണ് . അത് മാറണമെന്ന് കാസർകോട് ഗവ.കോളേജിൽ 36ാമത് ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റും പേറ്റന്റും വ്യാപകമാകുന്ന ഇക്കാലത്ത് അത്തരം വിജ്ഞാനങ്ങളെ മാത്രം ആശ്രയിച്ച് മുന്നേറാനാവില്ല. തദ്ദേശീയമായ ജ്ഞാനോത്പാദനം കൂടിയേ തീരൂ.സംസ്ഥാന ബഡ്ജറ്റിൽ 3,500 കോടി രൂപയുടെ പ്രത്യേക റിസർച്ച് ആൻഡ് ഡവലപ്പ്‌മെന്റ് ലക്ഷ്യമിടുന്നു. ഗവേഷണത്തിലെ അറിവുകൾ പൊതുസമൂഹത്തിന് ഉപകരിക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളുമായി പരിവർത്തനം ചെയ്യപ്പെടണം. പത്ത് സർവകലാശാലയിൽ 200 കോടി മുതൽമുടക്കി ട്രാൻസ്ലേഷണൽ റിസർച്ച് ലാബുകൾക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്.

ഗവേഷണത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 30 കേന്ദ്രങ്ങൾ സംസ്ഥാനത്ത് ഒരുക്കുകയാണ്. നൊബേൽ ജേതാക്കളെയടക്കം പങ്കെടുപ്പിച്ചുള്ള 'സ്‌കോളർ ഇൻ റസിഡൻസ്' പദ്ധതിയും നടപ്പാക്കിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.സി.സി.എസ് തയ്യാറാക്കിയ ക്ലൈമെറ്റ് സ്റ്റേറ്റ്‌മെന്റ് 2023 മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഡോ.സൗമ്യ സ്വാമിനാഥൻ വിഷയം അവതരിപ്പിച്ചു. കെ.പി സുധീപ് അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യപ്രഭാഷണം നടത്തി. 2022ലെ രസതന്ത്ര നോബേൽ സമ്മാനജേതാവ് മോർട്ടെൻ പി.മെൽഡൽ മുഖ്യാതിഥിയായിരുന്നു. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, കാസർകോട് ഗവ.കോളേജ് പ്രിൻസിപ്പാൾ ഡോ. പി. മനോജ് എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ഡോ.വി.എസ്.അനിൽ കുമാർ, അനന്ത പത്മനാഭൻ സംസാരിച്ചു. ഡോ.പ്രദീപ് കുമാർ സ്വാഗതവും ഡോ.മനോജ് സാമുവൽ നന്ദിയും പറഞ്ഞു.

 യുക്തിചിന്തകൾക്ക് പകരം കെട്ടുകഥ പ്രചരിപ്പിക്കുന്നു

കാസർകോട്: ഭരണഘടനയിലെ ആർട്ടിക്കിൾ 51 അനുശാസിക്കുന്ന പ്രകാരം ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളർത്തുക എന്നത് പൗരന്റെ കടമയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ കാഴ്ചപ്പാടിനെ കാറ്റിൽപ്പറത്തി നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനും യുക്തി ചിന്തകൾക്ക് പകരം കെട്ടുകഥകൾക്ക് പ്രാമുഖ്യം നൽകാനും ഭരണരംഗത്തിരിക്കുന്നവർ ബോധപൂർവ്വം നേതൃത്വം നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement
Advertisement