പാതയോരത്ത് അഗ്നിബാധ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

Monday 12 February 2024 12:20 AM IST

ഒറ്റപ്പാലം: മാന്നനൂരിൽ റെയിൽപാതയോട് ചേർന്ന് തീ പടർന്നതിനെ തുടർന്ന് ഇന്നലെ ട്രെയിൻ സർവ്വീസുകൾ തടസപ്പെട്ടു. റെയിൽവേ സ്റ്റേഷന് സമീപത്തെ വയൽപ്രദേശത്തും കുറ്റിക്കാടുകളും തീ പിടിച്ച് വൻ അഗ്നിബാധയായി റെയിൽവേ ട്രാക്കിലേക്ക് പടർന്നു. രാവിലെ പതിനൊന്നോടെയാണ് സംഭവം. വെള്ളമെത്തിക്കാൻ കഴിയാതിരുന്ന പ്രദേശമായതിനാൽ തീയണയ്ക്കാൻ ഷൊർണൂർ ഫയർഫോഴ്സും നാട്ടുകാരും മണിക്കൂറുകൾ പ്രയാസപ്പെട്ടു. അഗ്നിബാധ സംബന്ധിച്ച് ഫയർഫോഴ്സ് നൽകിയ മുന്നറിയിപ്പിനെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ ഷൊർണൂർ-പാലക്കാട് റൂട്ടിലെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം നിയന്ത്രിച്ചു. റബ്ബർ ഷീറ്റ് ഘടിപ്പിച്ച തോട്ടി കൊണ്ടടിച്ചാണ് തീ കൂടുതൽ സ്ഥലത്തു പടരാതെ നാട്ടുകാരും ഫയർഫോഴ്സും ആദ്യം നോക്കിയത്. അൽപം ദൂരെയുള്ള വീടുകളിൽ നിന്ന് ക്യാനുകളിലും മറ്റും വെള്ളമെത്തിച്ചാണ് തീ പടരാതിരിക്കാൻ ശ്രമിച്ചത്. തീയും പുകയും ട്രാക്കിലേക്ക് പടർന്നതാണ് ട്രെയിൻ സർവ്വീസിന് ഭീഷണിയായത്. മുക്കാൽ കിലോ മീറ്ററോളം ദൂരം റെയിലോരവും പാടത്തിന്റെ വശത്തെ മരങ്ങളടക്കമുള്ള കുറ്റിച്ചെടികളും കത്തിയമർന്നു. മാന്നനൂരിൽ ഒരു ഗൂഡ്സ്‌ ട്രെയിൻ പിടിച്ചിട്ടു. ഷൊർണൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള ചില ട്രെയിനുകളും തീ നിയന്ത്രണ വിധേയമാകുന്നതുവരെ പിടിച്ചിടേണ്ടി വന്നു.

Advertisement
Advertisement