കോൺഗ്രസ് വിട്ട ചവാൻ ബി.ജെ.പിയിലേക്ക്

Tuesday 13 February 2024 12:55 AM IST

ന്യൂഡൽഹി: മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ചവാൻ പാർട്ടി പ്രാഥമിക അംഗത്വം രാജിവച്ചു. ബി.ജെ.പി രാജ്യസഭാ സീറ്റ് വാഗ്‌ദാനം ചെയ്‌തതായി അറിയുന്നു. കൂടുതൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുമെന്ന് സൂചനയുള്ളതിനാൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അടിയന്തര യോഗം വിളിച്ചു.

നിലവിൽ എം.എൽ.എയാണ് ചവാൻ. പി.സി.സി അദ്ധ്യക്ഷൻ നാനാ പാട്ടീലിനെ കണ്ട് പാർട്ടി പദവി ഒഴിഞ്ഞ ശേഷം സ്പീക്കർ രാഹുൽ നർവേക്കർക്കും രാജിക്കത്ത് നൽകി. ഭാവി തീരുമാനം രണ്ട് ദിവസത്തിനകമെന്ന് ചവാൻ പറഞ്ഞു. എന്നാൽ,​ ഈയാഴ്ച അമിത് ഷായുടെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നേക്കുമെന്നറിയുന്നു.

മുൻ പി.സി.സി അദ്ധ്യക്ഷനായ ചവാൻ 26/11 മുംബയ് ഭീകരാക്രമണത്തെത്തുടർന്നാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്. ആദർശ് ഹൗസിംഗ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് വർഷ ശേഷം രാജിവച്ചു.

Advertisement
Advertisement