വിലക്കയറ്റം: സർക്കാർ ഉറപ്പ് പാലിച്ചില്ലെന്ന് പ്രതിപക്ഷം

Friday 16 February 2024 12:14 AM IST

തിരുവനന്തപുരം: സപ്ളൈകോ സാധനവില വർദ്ധിപ്പിക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്നുള്ള സർക്കാരിന്റെ തിരിച്ചുപോക്കാണെന്ന് പ്രതിപക്ഷ കക്ഷി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

13 നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പച്ചത് പൊതുവിപണിയിൽ കൃത്രിമ വിലക്കയറ്റത്തിന് ഇടയാക്കും. കഴിഞ്ഞ ബഡ്ജറ്റ് മുതൽ വെള്ളക്കരം, വൈദ്യുതി ചാർജ്, കെട്ടിട നികുതി, ഇന്ധന നികുതി, എല്ലാ സേവനങ്ങൾക്കുമുള്ള സർവീസ് ചാർജ് എന്നിവ കൂട്ടി. കിടപ്പാടങ്ങളും കൃഷിയിടങ്ങളും ജപ്തി ചെയ്യുന്നത് ഉൾപ്പെടെ എല്ലാത്തരത്തിലും ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്ന കാലത്താണ് സപ്ലൈകോയിൽ വില കൂട്ടുന്നത്.

മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്ന ഗൺമാൻമാരാണ് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് കെ.എസ്.യു നേതാക്കളെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദിക്കാൻ അവർക്ക് എന്ത് അവകാശമാണുള്ളത്? ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും സൗകര്യമില്ലെന്നാണ് പറയുന്നത്.നവകേരള സദസുമായി ബന്ധപ്പെട്ട അക്രമങ്ങൾക്ക് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണ്. ക്രിമിനൽ പ്രവൃത്തി ചെയ്ത എല്ലാ ഉദ്യോഗസ്ഥർക്കുമെതിരെ നിയമപരമായ നടപടികളുമായി പിന്നാലെയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

Advertisement
Advertisement