വളരെ ശരിയാണ്, 'കുന്നംകുളം സൂര്യന്റെ' വില മാത്രമേ കൂടാതെയുള്ളൂ; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

Friday 16 February 2024 10:30 AM IST

സപ്ലൈക്കോ സാധനങ്ങളുടെ വിലവർദ്ധിപ്പിച്ചതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. പിണറായി സർക്കാർ അധികാരമേറ്റപ്പോൾ വരുന്ന അഞ്ച് വർഷവും സാധനങ്ങൾക്ക് വില കൂടില്ല എന്ന തലക്കെട്ടോടെ എല്ലാ പത്രങ്ങളിലും വാർത്ത വന്നിരുന്നു. ഇതിൽ ദേശാഭിമാനി പത്രത്തിൽ വാർത്തയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് രാഹുൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.

സാധനങ്ങൾക്ക് വില കൂടില്ല എന്നത് മാത്രമല്ല, എല്ലാവർക്കും പാർപ്പിടം, സൗജന്യ ഉച്ചഭക്ഷണം, 25 ലക്ഷം ജനങ്ങൾക്ക് തൊഴിൽ, കേരളത്തിന് ബാങ്ക് തുടങ്ങിയ വികസന സ്വപ്നങ്ങളെ പറ്റിയും വാർത്തയിൽ പറഞ്ഞിട്ടുണ്ട്. വാർത്തയിൽ പറഞ്ഞിരിക്കുന്നത് വളരെ ശരിയാണെന്നും ഇനി വില കൂട്ടാൻ ഒരു സാധനവുമില്ല, ആകെയുള്ള 'കുന്നംകുളം സൂര്യന്റെ' വില കൂടുകയില്ലെന്നും രാഹുൽ പരിഹസിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റ്:

അതേസമയം, സബ്സിഡി വില 35 ശതമാനമാക്കി നിജപ്പെടുത്തിയതിലൂടെ സപ്ളൈകോ വഴി വിൽക്കുന്ന 13 സാധനങ്ങൾക്ക് മൂന്നു മുതൽ 89 രൂപയുടെ വരെ വർദ്ധനയാണ് ഉണ്ടാകാൻ പോകുന്നത്. വില ഏറ്റവും ഉയർന്നത് വറ്റൽമുളകിനാണ്. 89.14 രൂപയാണ് കിലോഗ്രാമിന് കൂടിയത്. തുവരപ്പരിപ്പാണ് തൊട്ടുപിന്നിൽ. കിലോയ്ക്ക് 65 രൂപയായിരുന്നത് 111 രൂപയായി. 46 രൂപയുടെ വർദ്ധന. അരക്കിലോ മുളകിന് പുതുക്കിയ നിരക്കനുസരിച്ച് 82.07 രൂപ നൽകണം. 13 ഇനങ്ങൾക്ക് നേരത്തെ 680 നൽകിയിരുന്ന സ്ഥാനത്ത് ഇനി 940 രൂപയാണ് നൽകേണ്ടത്. പൊതുവിപണയിൽ നിന്ന് വാങ്ങുകയാണെങ്കിൽ ഇത്രയും സാധനങ്ങൾക്ക് 1446 രൂപയാണ് നൽകേണ്ടതെന്ന് പറഞ്ഞ് മന്ത്രി ജി ആർ അനിൽ വർദ്ധനയെ ന്യായീകരിച്ചു. സപ്ളൈകോ വഴി വാങ്ങുമ്പോൾ 506 രൂപയുടെ കുറവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോൾ നിശ്ചയിച്ച സബ്സിഡി നിരക്ക് അന്തിമമല്ലെന്നും മൂന്ന് മാസത്തിലൊരിക്കൽ വില പരിശോധിക്കുമ്പോൾ ഏറ്റക്കുറച്ചിലുകൾ വരുമെന്നും മന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വില വർദ്ധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ല. സപ്ളൈകോ തുറന്നുവച്ചിട്ട് ഒന്നും ഇല്ലാതെ ഇരിക്കുന്നതിനേക്കാൾ നല്ലത് ചെറിയ വർദ്ധന വരുത്തി നിലനിറുത്തുന്നതല്ലേയെന്ന് മന്ത്രി ചോദിച്ചു. സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ വില വർദ്ധിപ്പിക്കാതിരുന്നത്. പൊതുവിപണിയിലെ വിലയും സബ്സിഡി നിരക്കും തമ്മിൽ ഏറെ അന്തരമുണ്ട്, ഇതുവരെയുള്ള സർക്കാരുകൾ സപ്ളൈകോയ്ക്ക് 1525 കോടി നൽകാനുണ്ട്. ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. വില കുറച്ച് നൽകണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. സാഹചര്യം അനുകൂലമായിരുന്നെങ്കിൽ ഇതിലും നന്നായി എന്തെങ്കിലും ചെയ്യുമായിരുന്നു. സപ്ലൈകോ ദുർബലമാകാൻ പാടില്ല. സപ്ളൈകോ സ്റ്റോറുകളിൽ എത്രയുംവേഗം സാധനങ്ങൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement