ഭാരത് അരിയിലൂടെ വിതരണം ചെയ്യുന്നത് പച്ചരിയെങ്കിൽ "കെ റൈസി"ലൂടെ നൽകുക മലയാളികളുടെ ഇഷ്ട ബ്രാൻഡുകൾ; അതും 26 രൂപ മുതൽ

Sunday 18 February 2024 8:39 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വിതരണം സംസ്ഥാനത്ത് സജീവമായതോടെ കെ.റൈസ് എന്ന പേരിൽ ബദൽ വിതരണ പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കും. രൂപരേഖയടക്കം തയ്യാറാക്കി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ സിവിൽ സപ്ലൈസ് ഡയറക്ടർ, സപ്ലൈകോ എം.ഡി., ഭക്ഷ്യവകുപ്പ് സെക്രട്ടറി എന്നിവരോട് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു.

ഭാരത് അരിയുമായി വാഹനങ്ങൾ എത്തിയ കേന്ദ്രങ്ങളിലെല്ലാം അതു വാങ്ങാൻ വൻ തിരക്കായിരുന്നു. തിരഞ്ഞെട‌ുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ മടിച്ചു നിന്നാൽ തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയാണ് അടിയന്തര നടപടികളിലേക്ക് സംസ്ഥാന സർക്കാർ കടന്നത്.

ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നത് പച്ചരിയാണ്. മലയാളികൾക്ക് പ്രിയപ്പെട്ട ആന്ധ്രവെള്ള അരി (ജയ), കുറുവ, മട്ട എന്നിവ വില കുറച്ച് കെ.റൈസ് ബ്രാൻഡ് ആക്കാനാണ് ആലോചിക്കുന്നത്.

തെലങ്കാനയിൽ നിന്നുള്ള ആറിനം അരിയുടെ സാമ്പിളുകൾ ഭക്ഷ്യവകുപ്പ് പരിശോധിച്ചിരുന്നു. ഇവയിൽ രണ്ടിനം വില കുറച്ചു വാങ്ങാനുള്ള ചർച്ചകൾ നടക്കുകയാണ്. ആന്ധ്രയിൽ നിന്നു ഒറിജിനൽ ജയ അരി വാങ്ങാൻ ധാരണയിലെത്തിയിരുന്നുവെങ്കിലും വില കൂടുതലായതിനാൽ അത് ഉപേക്ഷിച്ചിരുന്നു.മട്ടയും കുറുവയും സംസ്ഥാനത്തെ കർഷകരിൽനിന്ന് സംഭരിക്കാനാണ് തീരുമാനം.

കെ.റൈസ് വില 26-30

വില്പന: സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി

വില: പച്ചരി 26, ജയ- 29, കുറുവ, മട്ട- 30,

(പുതുക്കിയ സബ്സിഡി പ്രകാരം)

ലഭിക്കുന്നത്: റേഷൻ കാർ‌ഡ് ഉടമകൾക്ക്

ഭാരത് അരി വ്യാപകമാക്കും

വിതരണം: കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും

വില : പച്ചരിക്ക് 29 രൂപ.അടുത്തഘട്ടത്തിൽ മറ്റ് ഇനങ്ങളും എത്തിക്കും

''വിപണി ഇടപെടലിലൂടെ ഭക്ഷ്യസാധനങ്ങളുടെ വില പിടിച്ചു നിറുത്തിയതിന് മാതൃകയാണ് കേരളം''

-ജി.ആർ.അനിൽ,

ഭക്ഷ്യമന്ത്രി