മൂന്നാം സീറ്റിലുറച്ച് ലീഗ്; യു.ഡി.എഫ് പ്രതിസന്ധിയിൽ

Sunday 25 February 2024 12:42 AM IST

മലപ്പുറം: ലോ‌ക്‌സഭ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന മുസ്‌ലിം ലീഗിന്റെ കടുത്ത നിലപാടിൽ യു.ഡി.എഫ് സീറ്റ് വിഭജനം പ്രതിസന്ധിയിൽ. രാഹുൽഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാടോ അല്ലെങ്കിൽ കോഴിക്കോടോ കണ്ണൂരോ ആണ് ലീഗിന്റെ ആവശ്യം. സിറ്റിംഗ് സീറ്റ് വിട്ടുനൽകാനാവില്ലെന്നാണ് കോൺഗ്രസ് നിലപാട്. അധിക സീറ്റില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കണമെന്ന അഭിപ്രായം ലീഗിനുള്ളിൽ ഉയ‌ർന്നതോടെ ഇന്ന് കൊച്ചിയിൽ ചേരുന്ന കോൺഗ്രസ്- മുസ്‌‌ലിം ലീഗ് ഉഭയകക്ഷി യോഗം നിർണായകമാവും.

മൂന്നാം സീറ്റിൽ വിട്ടുവീഴ്ച വേണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ നേതാക്കൾക്ക് നിർദ്ദേശം നൽകി. അനുകൂല തീരുമാനമില്ലെങ്കിൽ 27നു ലീഗ് നേതാക്കൾ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും ഇടതുമുന്നണി വാതിൽ തുറന്നിട്ട രാഷ്ട്രീയ സാഹചര്യവും സമ്മർദ്ദതന്ത്രത്തിനു അനുകൂലമാണെന്നാണ് ലീഗ് വിലയിരുത്തൽ.


ലീഗിന്റെ അവകാശവാദം അംഗീകരിച്ച്,​ നിലവിലെ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടി ആവശ്യം തള്ളുകയെന്ന തന്ത്രമാവും കോൺഗ്രസ് കൈക്കൊള്ളുക. സിറ്റിംഗ് എം.പിമാർ മത്സരിക്കുന്നതും ചൂണ്ടിക്കാട്ടും.

രാജ്യസഭയെങ്കിൽ

പ്രഖ്യാപനം വേണം

മൂന്നാംസീറ്റിനു പകരം രാജ്യസഭ സീറ്റ് നൽകാമെന്ന ധാരണ കോൺഗ്രസ് ലംഘിച്ചെന്നാണ് ലീഗിന്റെ വികാരം. ലീഗിനു രാജ്യസഭയിൽ ഒരു സീറ്റ് കൂടി നൽകിയാൽ യു.ഡി.എഫിന്റെ മൂന്ന് സീറ്റിലും മുസ്‌ലിം സമുദായക്കാരാവുമെന്നും സാമുദായിക സന്തുലനത്തിന് കോട്ടംതട്ടുന്നത് തിരിച്ചടിയാവുമെന്നും കോൺഗ്രസ് നേതൃത്വം ലീഗിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് പ്രതിനിധിയായ ജെബി മേത്തറിനെ തങ്ങളുടെ അക്കൗണ്ടിൽ ഉൾപ്പെടുത്തേണ്ടെന്ന മറുപടിയാണ് ലീഗ് നൽകിയത്. രാജ്യസഭ സീറ്റിൽ പരസ്യപ്രഖ്യാപനം ഉടൻ വേണമെന്നാണ് ലീഗ് നിലപാട്.

സമ്മർദ്ദം മുറുക്കി ലീഗ്

മത്സരത്തിനു തയ്യാറാവാൻ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് ഇന്നലെ ലീഗ് നേതൃത്വം അനൗദ്യോഗിക നിർദ്ദേശം നൽകി. മാർച്ച് നാലിനു കോഴിക്കോട് ട്രേഡ് സെന്ററിൽ കോൺഗ്രസിനെ ഒഴിവാക്കി ബൂത്ത് ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്.

മൂന്നാം സീറ്റെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉന്നയിക്കും. നിലപാടിൽ മാറ്റമില്ല. ഇക്കാര്യം കോൺഗ്രസ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.

-ഇ.ടി.മുഹമ്മദ് ബഷീർ

Advertisement
Advertisement