എസ്.എസ്.എൽ.സി, പ്ലസ് ടു: ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷയെഴുതാം

Monday 26 February 2024 12:00 AM IST

മാർച്ച് നാലു മുതൽ സംസ്ഥാനത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു ബോർഡ് പരീക്ഷകൾ ആരംഭിക്കുകയാണ്. സി.ബി.എസ്.സി, ഐ.സി.എസ്.സി ബോർഡ് പരീക്ഷകൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ ശുഭാപ്തിവിശ്വാസത്തോടെ ടൈംടേബിൾ അനുസരിച്ച് തയ്യാറെടുക്കണം.

പഠിച്ച ഭാഗങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുക, പരീക്ഷയെക്കുറിച്ചു വ്യാകുലപ്പെടാതിരിക്കുക, മാതൃകാ ചോദ്യങ്ങൾക്കും മുൻവർഷങ്ങളിലെ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ ശ്രമിക്കുക, സിലബസിനനുസരിച്ചുള്ള പാഠഭാഗങ്ങൾ പഠിച്ചുതീർക്കുക, ചെയ്തു പഠിക്കാവുന്ന വിഷയങ്ങൾ എഴുതി പഠിക്കുക എന്നിവ മാർക്ക് സ്കോർ ചെയ്യാൻ ഏറെ സഹായിക്കും.

പരീക്ഷാഹാളിൽ അര മണിക്കൂർ മുമ്പെങ്കിലും എത്തണം. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് സുഹൃത്തുക്കളുമായുള്ള പാഠ്യഭാഗ ചർച്ച ഒഴിവാക്കണം. പരീക്ഷയെക്കുറിച്ച് രക്ഷിതാക്കൾ വിദ്യാർത്ഥികളെ അകാരണമായി വ്യാകുലപ്പെടുത്തരുത്. ടൈം മാനേജ്‌മെന്റിൽ ശ്രദ്ധചെലുത്തണം. ഉറക്കം ഉപേക്ഷിച്ച് പഠിക്കരുത്. കഴിഞ്ഞ പരീക്ഷകളെയോർത്തു സമയം കളയരുത്. പരീക്ഷാക്കാലത്തു മൊബൈൽഫോൺ, സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കണം. ഇൻവിജിലേറ്ററുടെ നിർദ്ദേശങ്ങൾ അനുസരിക്കണം. പരീക്ഷാ ചോദ്യങ്ങൾ ആദ്യത്തെ 5 മിനിറ്റ് നന്നായി വായിച്ചു മനസ്സിലാക്കണം. സമയം വിലയിരുത്താൻ വാച്ചുപയോഗിക്കണം. വാച്ചിൽ സമയം 10 മിനിട്ട് നേരത്തെയാക്കുന്നത് സമയക്രമം നിയന്ത്രിക്കാൻ സഹായിക്കും. ഉത്തരക്കടലാസുകൾ തിരിച്ചു നൽകുന്നതിന് മുമ്പ് വായിക്കുന്നത് തെറ്റുകൾ തിരുത്താൻ സഹായകമാകും.

ശാരീരികമായും തയ്യാറെടുക്കാം

കുറഞ്ഞത് ആറുമണിക്കൂറെങ്കിലും ഉറങ്ങണം. രാവിലെ എഴുന്നേൽക്കുമ്പോഴേ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. 10 മിനിട്ട് യോഗയോ വ്യായാമമോ ചെയ്യണം. ചൂട് കാലമായതിനാൽ ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിക്കണം. തണുത്ത ഭക്ഷ്യവസ്തുക്കൾ, ഐസ്ക്രീം, ശീതികരിച്ച ജ്യൂസുകൾ, കാർബണേറ്റഡ് ലായനികൾ എന്നിവ ഉപേക്ഷിക്കാം. പഴവർഗ്ഗങ്ങൾ, ഫ്രഷ് ജ്യൂസ്, സാലഡുകൾ എന്നിവ കഴിക്കാം. മാംസാഹാരം കുറയ്ക്കുന്നതാണ് നല്ലത്. പ്രഭാതഭക്ഷണം നിർബന്ധമായും കഴിച്ചിരിക്കണം.

പഠിക്കുമ്പോൾ ഓരോ മണിക്കൂറിനുശേഷവും 10 മിനിട്ട് ബ്രേക്കെടുക്കുന്നത് നല്ലതാണ്. ഇടയ്ക്ക് പത്രം വായിക്കാനും ടിവി കാണാനും കുറഞ്ഞസമയം ചെലവഴിക്കാം. പരീക്ഷാക്കാലയളവിൽ വീട്ടിലേക്കുള്ള അതിഥികളെ രക്ഷിതാക്കൾ പരമാവധി ഒഴിവാക്കണം. ഉറക്കെയുള്ള രാഷ്ട്രീയ, ടെലിവിഷൻ ചർച്ചകൾ ഒഴിവാക്കണം.

അത്യാവശ്യ ഘട്ടങ്ങളിൽ അദ്ധ്യാപകരുമായും സഹപാഠികളുമായും സംശയം പങ്കിടാൻ മറക്കരുത്. വിശ്വാസമുള്ളവർ ആരാധനാലയങ്ങളിൽ പോകുന്നത് ആത്മവിശ്വാസം വളർത്താൻ സഹായിക്കും.

Advertisement
Advertisement