അപ്പീൽ തള്ളി അലഹബാദ് ഹൈക്കോടതി, ഗ്യാൻവാപി നിലവറയിൽ പൂജ തടയുന്നത് വിശ്വാസത്തിനെതിര്

Tuesday 27 February 2024 12:58 AM IST

 സുപ്രീംകോടതിയെ വീണ്ടും സമീപിച്ച് മസ്ജിദ് കമ്മിറ്റി

 തടസഹർജിയുമായി വ്യാസ് കുടുംബം

ന്യൂഡൽഹി : ഗ്യാൻവാപി മസ്ജിദ് സമുച്ചയ നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ വാരാണസി ജില്ലാക്കോടതി നടപടിയിൽ ഇടപെടാതെ അലഹബാദ് ഹൈക്കോടതി. നടപടി ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ തള്ളി.

പൂജയും ആചാരങ്ങളും തടഞ്ഞാൽ അത് വിശ്വാസികളുടെ താത്പര്യത്തിന് എതിരാകുമെന്ന് കോടതി നിരീക്ഷിച്ചു. 1993ൽ നിലവറയിലെ പൂജ നിറുത്തിവയ്പ്പിച്ച ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി തെറ്റും നിയമവിരുദ്ധവുമാണെന്നും പറഞ്ഞു.

അപ്പീൽ തള്ളിയതിന് പിന്നാലെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരനായ ശൈലേന്ദ്രകുമാർ പഥക് വ്യാസ് തടസ്സഹർജിയും സമർപ്പിച്ചു.

മസ്ജിദ് സമുച്ചയത്തിലെ തെക്കു ഭാഗത്തെ ബേസ്മെന്റിലാണ് 'വ്യാസ് കാ തെഹ്ഖാന' എന്നു പേരുള്ള നിലവറ. 1993 വരെ മുത്തശ്ശനായ സോമനാഥ് വ്യാസ് നിലവറയിൽ പൂജകൾ നടത്തിയിരുന്നെന്നും സർക്കാർ അടച്ചുപൂട്ടിയെന്നും ചൂണ്ടിക്കാട്ടിയാണ് പേരക്കുട്ടിയായ ശൈലേന്ദ്രകുമാർ ജില്ലാക്കോടതിയെ സമീപിച്ചത്. കുടുംബ അവകാശമെന്ന നിലയിലാണ് പൂജയ്ക്ക് അനുമതി തേടിയത്.

1993ൽ അന്നത്തെ മുഖ്യമന്ത്രി മുലായംസിംഗ് പൂജ നിറുത്താൻ വാക്കാൽ നിർദ്ദേശം നൽകുകയായിരുന്നെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വ്യാസ് കുടുംബത്തിന്റെ പൂജയ്ക്കുള്ള സ്വാതന്ത്ര്യം ഏകപക്ഷീയമായി വിലക്കാനാകില്ല. ആചാരങ്ങൾ പിന്തുടരാനുള്ള ഭരണഘടനാ അവകാശം എടുത്തുമാറ്റാനുമാകില്ല.

സുപ്രീംകോടതി ഒരിക്കൽ

ഇടപെടാത്ത കേസ്

 ഇക്കഴിഞ്ഞ ജനുവരി 31നാണ് വാരാണസി ജില്ലാക്കോടതി നിലവറയിലെ പൂജയ്ക്ക് അനുമതി നൽകിയത്

 അന്ന് രാത്രി നിലവറ തുറന്ന് വൃത്തിയാക്കി ഫെബ്രുവരി ഒന്നിന് പുലർച്ചെ മൂന്നിന് പൂജയും നടത്തി

 മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചപ്പോൾ അലഹബാദ് ഹൈക്കോടതിൽ പോകാൻ നിർദ്ദേശിച്ചു

Advertisement
Advertisement