വിവാഹ വിവരം വെളിപ്പെടുത്തി ലെന

Wednesday 28 February 2024 6:01 AM IST

വരൻ ഗഗൻയാൻ ഗ്രൂപ്പ്

ക്യാപ്ടൻ പ്രശാന്ത്

വിവാഹിതയായെന്ന് വെളിപ്പെടുത്തി നടി ലെന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശ യാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്ടനായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് വരൻ. 2024 ജനുവരി 17ന് താനും പ്രശാന്ത് ബാലകൃഷ്ണനും ഒരു പരമ്പരാഗത ചടങ്ങിൽ വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിനുശേഷം ഇൗ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്ന് ലെന പറഞ്ഞു. ഇന്ന് പ്രധാനമന്ത്രി ബഹിരാകാശ യാത്രികരുടെ പേരുകൾ പുറത്തുവിട്ടപ്പോൾ തനിക്കും അത് അഭിമാന നിമിഷമായിരുന്നെന്ന് ലെന കുറിച്ചു.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ യാത്രികരാകാൻ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ പ്രധാനമന്ത്രി അവതരിപ്പിച്ചിരുന്നു.ലെനയും ഈ ചടങ്ങിൽ പങ്കെടുത്തു.

പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രശാന്ത്. നാഷണൽ ഡിഫൻസ് അക്കാഡമിയിലെ പഠനശേഷം 1999 ജൂണിൽ ആണ് സേനയിൽ ചേർന്നത്.

ജയരാജ് സംവിധാനം ചെയ്ത സ്നേഹം സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ലെന കാൽനൂറ്റാണ്ട് പിന്നിടുന്ന അഭിനയ യാത്രയിലാണ്. 2004 ജനുവരി16ന് തിരക്കഥാകൃത്തും സംവിധായകനുമായ അഭിലാഷ് കുമാറിനെ വിവാഹം ചെയ്യുകയും ചെയ്തു. പിന്നീട് ഇരുവരും വേർപിരിയുകയും ചെയ്തു.

Advertisement
Advertisement