എംഎൽഎയേക്കാളും പവർ എംപിക്കാണെന്ന് അറിയാമായിരുന്നിട്ടും കർണാടകയിൽ പല നേതാക്കൾക്കും ലോക്‌സഭയിലേക്ക് മത്സരിക്കാൻ മടിയാണ്

Thursday 29 February 2024 12:21 PM IST

ദക്ഷിണേന്ത്യയിൽ കോൺഗ്രസും ബി.ജെ.പി.യും നേർക്കുനേർ ഏറ്റുമുട്ടുന്ന ഏക സംസ്ഥാനമാണ് കർണാടകം. കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളിലായി ബി.ജെ.പി വ്യക്തമായ മേധാവിത്തം പുലർത്തിയിരുന്ന കർണാടകത്തിൽ ഇക്കുറി സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമാണ്. കർണാടകക്കാരനായ മല്ലികാർജ്ജുൻ ഖാർഗെ എ.ഐ.സി.സി അദ്ധ്യക്ഷനായി തിരഞ്ഞെടുപ്പിന് ദേശീയതലത്തിൽത്തന്നെ നേതൃത്വം നൽകുന്നതും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സംസ്ഥാന അധികാരം പിടിച്ചതുമാണ് കാരണം. മറുവശത്ത് ഏതു വിധേനയും ദക്ഷിണേന്ത്യയിലെ ഏകതുരുത്ത് സംരക്ഷിക്കാനുള്ള ദൃഢനിശ്ചയത്തിൽ ബി.ജെ.പി.യും. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ തീവ്രപോരാട്ടം തീർച്ച.

1952-ൽ ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കർണാടകത്തിൽ 11സീറ്റുകളായിരുന്നു. അതിൽ പത്തും കോൺഗ്രസ് നേടി. 1956 ആയപ്പോൾ ആകെ സീറ്റ് 26ഉം, 1967ൽ 27ഉം, 1977ൽ 28ഉം ആയി കൂടി. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ 28-ൽ 26 ഉം നേടിയ കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം 1971-ൽ 27ൽ 27 സീറ്റും കയ്യടക്കിയതാണ്. എന്നാൽ 1991-ൽ ബി.ജെ.പി നാലു സീറ്റുകളുമായി കർണാടകത്തിൽ അക്കൗണ്ട് തുറന്നതോടെ കോൺഗ്രസ് കൈപ്പത്തി താഴാൻ തുടങ്ങി. പിന്നീട് കർണാടകത്തിൽ കോൺഗ്രസിന് രണ്ടക്കം തികയ്ക്കാൻ കഴിഞ്ഞിട്ടില്ല. പടിപടിയായി സീറ്റെണ്ണം കൂട്ടിവന്ന ബി.ജെ.പി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സ്വതന്ത്ര ഉൾപ്പെടെ 28ൽ 26 സീറ്റും കയ്യടക്കി

കോൺഗ്രസ് ആത്മവിശ്വാസം

2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. പാർട്ടിക്ക് ദേശീയ തലത്തിൽ തന്നെ തിരിച്ചുവരവിനുള്ള ആവേശം നൽകിയ വിജയമാണ് ബി.ജെ.പിയെ പുറത്താക്കി കർണാടകത്തിൽ അധികാരം തിരിച്ചുപിടിച്ചത്. 224 അംഗ നിയമസഭയിൽ 135 സീറ്റ് കയ്യടക്കി. വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു ആ ജയം. ബി.ജെ.പി കേവലം 66 സീറ്റിലൊതുങ്ങി. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ജെ. ഡി (എസ്) 2018-ൽ നേടിയ 37-ൽ നിന്ന് 19 സീറ്റിലേക്ക് ചുരുങ്ങി. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പു വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എത്രത്തോളം ഫലപ്രദമാകുമെന്ന് കോൺഗ്രസിനു തന്നെ സംശയമുണ്ട്.

2013-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 122 സീറ്റുകൾ നേടി കോൺഗ്രസ് അധികാരം നേടിയിരുന്നു. അന്ന് ബി.ജെ.പിക്ക് 40 സീറ്റുകളാണ് നേടാനായത്. എന്നാൽ സംസ്ഥാന തിരഞ്ഞെടുപ്പിലെ ഈ ജയം പിന്നീട് 2014ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയില്ല. അന്ന് 43.37 ശതമാനം വോട്ട് വിഹിതത്തോടെ ബി.ജെ.പി 17 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 41.2 ശതമാനം വോട്ട് വിഹിതവുമായി ഒൻപതു സീറ്റിലേക്കു ചുരുങ്ങി. 2018-ൽ സംസ്ഥാന ഭരണം പിടിച്ച ബി.ജെ.പി 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 51.8 ശതമാനം വോട്ടോടെ 26 സീറ്റുകളും നേടി കരുത്ത് വർദ്ധിപ്പിച്ചു. മറുവശത്ത് കോൺഗ്രസിന് 31.1 ശതമാനം വോട്ട് ഷെയറോടെ ഒരു സീറ്റ് മാത്രമാണ് നേടാനായത്.

സംസ്ഥാനത്ത് ഇപ്പോൾ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജനതാദൾ (സെക്കുലർ) 9.7ശതമാനം വോട്ട് വിഹിതത്തോടെ ഒരു സീറ്റ് മാത്രമാണ് നേടിയത്. 1.1ശതമാനം വോട്ട് നേടിയ മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി മാത്രമാണ് സംസ്ഥാനത്ത് പ്രാധാന്യമുള്ള മറ്റൊരു പാർട്ടി. സത്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ് സംസ്ഥാനത്ത് പ്രബലമായ പാർട്ടി. ഇത്തവണ ഈ പ്രവണതയ്ക്ക് പൂർണമായ മാറ്റമുണ്ടാകുമെന്ന കോൺഗ്രസ് പ്രതീക്ഷ .

കോൺഗ്രസിലെ ആശയക്കുഴപ്പം

ഡൽഹിയിൽ കോൺഗ്രസിന് അധികാരം കിട്ടാനിടയില്ലെന്ന മുൻവിധി കർണാടകത്തിലെ കോൺഗ്രസ് നേതാക്കളിൽ വ്യാപകമാണ്. അതുകൊണ്ടുതന്നെ ലോക്‌സഭയിലേക്ക് മത്സരിക്കാൻ പല നേതാക്കളും താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ തവണ മത്സരിച്ചു പരാജയപ്പെട്ട കെ.എച്ച്. മുനിയപ്പ (കോലാർ), മധു ബംഗാരപ്പ (ശിവമൊഗ), ഈശ്വർ ഖന്ദ്രെ (ബിദർ), കൃഷ്ണ ബൈരെ ഗൗഡ (ബംഗളൂരു നോർത്ത്) എന്നിവരെല്ലാം നിലവിൽ എം.എൽ.എമാരും മന്ത്രിമാരുമാണ്. ലോക‌്സഭയിലേക്ക് മത്സരിക്കാൻ താത്പര്യമില്ലെന്ന് ഇവരെല്ലാം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പകരം ചെറുപ്പക്കാരായ മുൻ മന്ത്രിമാരെ രംഗത്തിറക്കാനാണ് പാർട്ടി ആലോചിക്കുന്നത്. അതിനു പുറമെ രണ്ട് മുൻനിര നേതാക്കളായ മുഖ്യമന്ത്രി സിദ്ധരാമയ്യയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ഡി.കെ. ശിവകുമാറും തമ്മിലുള്ള നേതൃപോരാട്ടവും പാർട്ടിക്ക് തലവേദനയാണ്. ഇരുവരും തമ്മിലുള്ള അധികാര തർക്കം ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിട്ടും അവസാനിച്ചിട്ടില്ല.

ആശ്രയം യെദിയൂരപ്പ

കർണാടകത്തിൽ ബി.ജെ.പി.ക്ക് എന്നും ആശ്രയം ഭൂരിപക്ഷ സമുദായമായ ലിംഗായത്തരും അവരുടെ നേതാവ് ബി.എസ്. യെദിയൂരപ്പ തന്നെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യെദിയൂരപ്പയെ പിണക്കിയതിന് പാർട്ടി അനുഭവിക്കുകയും ചെയ്തു. അതു മറികടക്കാനായി യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രയെ പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ പുതിയ അദ്ധ്യക്ഷനായി നിയമിച്ചു. നളിൻ കുമാർ കട്ടീലിനു പകരക്കാരനായിട്ടായിരുന്നു നിയമനം. ഇതിനു പിന്നാലെ കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവായി ആർ. അശോകയെയും ബി.ജെ.പി നിയമിച്ചിരുന്നു. അദ്ദേഹം വൊക്കലിഗ സമുദായത്തിൽ നിന്നുള്ള പ്രബല നേതാവാണ്. ഇതോടെ സാമുദായികമായി നേട്ടമുണ്ടാക്കാമെന്നും പാർട്ടി കണക്കുകൂട്ടുന്നു. മാത്രമല്ല,​ മൈസൂരു മേഖലയിൽ സ്വാധീനമുള്ള ജെ.ഡി.എസ് കൂടി സഖ്യത്തിലെത്തിയതോടെ വിജയം നിലനിറുത്താമെന്നാണ് പ്രതീക്ഷ.

നിലവിലെ പകുതിയോളം എം.പി.മാർക്ക് പാർട്ടി സീറ്റ് നിഷേധിച്ചേക്കും. പ്രായാധിക്യം, മുൻ ടേമിലെ മോശം പ്രകടനം, ഭരണവിരുദ്ധ വികാരം തുടങ്ങിയ ആശങ്കകൾ പരിഹരിക്കാനുള്ള തന്ത്രപരമായ ശ്രമത്തിന്റെ ഭാഗമായാണ് സിറ്റിംഗ് എം.പിമാരെ മാറ്റാനുള്ള കാരണമായി പറയുന്നത്. ഒരു പുതിയ പ്രതിച്ഛായയുണ്ടാക്കാനുള്ള നീക്കമാണിത്. മുൻ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ ഉൾപ്പെടെയുള്ളവർക്ക് ഇനി സീറ്റ് ലഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്.

കക്ഷിനില

ആകെ സീറ്റ്: 28

2019: ബി.ജെ.പി 26,​ കോൺഗ്രസ് 01, ജെ.ഡി.എസ് 01

Advertisement
Advertisement