നായകനായി പൃഥ്വിരാജ് എത്താൻ സാദ്ധ്യത, ഇന്ദ്രജിത്ത് സംവിധായകനാവുന്നു

Saturday 02 March 2024 6:06 AM IST

മുരളി ഗോപിയുടെ തിരക്കഥ

ഇന്ദ്രജിത്ത് സംവിധായകന്റെ കുപ്പായം അണിയുന്നു. പൃഥ്വിരാജ് നായകനായി എത്താനാണ് സാദ്ധ്യത. മുരളി ഗോപിയാണ് രചന. യു.എസിൽ എമ്പുരാനിൽ അഭിനയിക്കുന്ന ഇന്ദ്രജിത്ത് മാർച്ച് ആദ്യ ആഴ്ച മടങ്ങിവരും. തുടർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലികളിലേക്ക് പ്രവേശിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫർ സിനിമയുടെ തിരക്കഥയും മുരളി ഗോപിയാണ് നിർവഹിച്ചത്. ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാന്റെ രചനയും മുരളി ഗോപിയുടേതാണ്. മുരളി ഗോപി തിരക്കഥ ഒരുക്കിയ ഈ അടുത്തകാലത്ത്, ലെഫ്ട് റൈറ്റ് ലെഫ്ട് , ടിയാൻ എന്നീ ചിത്രങ്ങളിൽ ഇന്ദ്രജിത്ത് അഭിനയിച്ചിരുന്നു. എമ്പുരാനുശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മുരളി ഗോപി തിരക്കഥ എഴുതുന്ന ടൈസൺ സിനിമയിലും ഇന്ദ്രജിത്ത് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേസമയം മാരിവില്ലിൻ ഗോപുരങ്ങൾ ആണ് റിലീസ് ഒരുങ്ങുന്ന ഇന്ദ്രജിത്ത് ചിത്രം. ഇടവേളയ്ക്കുശേഷം ഇന്ദ്രജിത്ത് ഹ്യൂമർ എന്റർടെയ്നറുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്. ശ്രുതി രാമചന്ദ്രനാണ് നായിക.സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അരുൺ ബോസ് ആണ് സംവിധാനം. ഇടവേളയ്ക്കുശേഷം വിദ്യാസാഗർ സംഗീതം ഒരുക്കുന്ന മലയാള ചിത്രമാണ് മാരിവില്ലിൻ ഗോപുരങ്ങൾ.

Advertisement
Advertisement