വിദേശ പഠനം; തിരിച്ച് ഇന്ത്യയിലേക്കില്ലെന്ന് 72% പേർ

Saturday 02 March 2024 12:00 AM IST

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറഞ്ഞുവരുന്ന ഗുണനിലവാരം, പ്രായോഗിക പഠന രീതിയുടെ അഭാവം (എക്‌സ്‌പെരിയൻഷൽ ലേണിംഗ്), കുറഞ്ഞ ഭൗതിക സൗകര്യങ്ങൾ, പ്ലേസ്‌മെന്റ് ലഭ്യതയുടെ പരിമിതികൾ എന്നിവയാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ സർവ്വകലാശാലകളിലെത്താൻ മലയാളി വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളെന്ന് കേരള അക്കാഡമി ഒഫ് സയൻസസ് നടത്തിയ സർവ്വേ വ്യക്തമാക്കുന്നു. ഉയർന്ന ഗുണനിലവാരവും തൊഴിലവസരങ്ങളും വിദേശ പഠനത്തിനു കരുത്തേകും.

72% വിദ്യാർത്ഥികളും വിദേശപഠനത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നില്ല. തൊഴിൽസാദ്ധ്യതകളും ആകർഷകമായ ശമ്പളവും അവരെ വിദേശരാജ്യത്തു സ്ഥിര താമസത്തിന് പ്രേരിപ്പിക്കുന്നു. കേരളത്തിൽ നിന്ന് വിദേശ പഠനത്തിനെത്തിയ 608 വിദ്യാർത്ഥികളിൽ നിന്നാണ് 2023 സെപ്തംബർ മുതൽ 2024 ജനുവരി കാലയളവിൽ വിവരങ്ങൾ ശേഖരിച്ചത്. വിദ്യാർത്ഥികളുടെ ശരാശരി പ്രായം 21-30 വയസാണ്. പകുതിയിലേറെപ്പേർ ബിരുദാനന്തര പഠനത്തിനും ഡോക്ടറൽ ഗവേഷണത്തിനുമാണ് വിദേശ കാമ്പസുകളിലെത്തുന്നത്.

25 ഓളം രാജ്യങ്ങളിലേക്കാണ് മലയാളി വിദ്യാർത്ഥികളെത്തുന്നത്. 29 ശതമാനം പേർക്കും യു.കെ ആണ് ഇഷ്ടം. കാനഡ, അമേരിക്ക, ജർമ്മനി, നെതർലൻഡ്‌സ്, ചൈന, റഷ്യ, ഓസ്‌ട്രേലിയ, ജപ്പാൻ, അസർബൈജാൻ, ചിലി, സൗത്ത് കൊറിയ മുതലായവയാണ് മറ്റ് രാജ്യങ്ങൾ.

ആഗോള യൂണിവേഴ്‌സിറ്റി റാങ്കിംഗ്, മികച്ച കരിക്കുലം, കുറഞ്ഞ രാഷ്ട്രീയ ഇടപെടലുകൾ, സ്‌കോളർഷിപ്പുകൾ, പാർട്ട് ടൈം തൊഴിലിനുള്ള സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് കൂടുതൽ വിദ്യാർത്ഥികളും വിദേശ കാമ്പസുകളിലെത്തുന്നത്. രാജ്യത്തെ കുറയുന്ന തൊഴിലവസരങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുറഞ്ഞ പഠന സൗകര്യങ്ങളും അവരെ വിദേശ സർവ്വകലാശാലകളിലെത്താൻ പ്രേരിപ്പിക്കുന്നു.

ഇന്റേൺഷിപ് @ ഐ.ഐ.എസ്.സി, ബംഗളൂരു

സയൻസ്, എൻജിനിയറിംഗ് ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. 3, 4 വർഷ എൻജിനിയറിംഗ് വിദ്യാർഥികൾ, 1, 2 വർഷ എം.എസ്‌സി, എം.ടെക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 21. www.iisc.ac.in

ഇന്റേൺഷിപ് @ ഇൻഫോസിസ്, ബംഗളൂരു

പഠിച്ചിറങ്ങുന്ന ഫ്രഷ് സയൻസ്/എൻജിനിയറിംഗ് ബിരുദധാരികളെ ഇൻഫോസിസ് ഇന്റേൺഷിപ്പിന് ക്ഷണിക്കുന്നു. ബംഗളുരുവിലാണ് ഇന്റേൺഷിപ്. താത്പര്യമുള്ള വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രോജക്ട് ചെയ്യാം. എ.ഐ, ബിഗ് ഡാറ്റ, ഡാറ്റ അനലിറ്റിക്‌സ്, മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി, ഐ.ടി, ഐ.ഒ.ടി, മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്‌മെന്റ്, മെഷീൻ മോഡേണൈസേഷൻ എന്നിവയിൽ പ്രോജക്ട് ചെയ്യാം. www.infosys.com

Advertisement
Advertisement