80ലും ഭാവഗായകന് സ്വരയൗവനം

Sunday 03 March 2024 1:29 AM IST

തൃശൂർ: ദക്ഷിണേന്ത്യൻ ചലച്ചിത്രസംഗീതത്തിലെ ഭാവമാധുര്യമായ പി.ജയചന്ദ്രന് ഇന്ന് എൺപതാം പിറന്നാൾ. 1944 മാർച്ച്‌ 3 ന് കുംഭത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ജനനം. കൊച്ചി രാജകുടുംബാംഗമായ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ച് മക്കളിൽ മൂന്നാമൻ.

മലയാളം, തമിഴ്‌, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 15,000ത്തിലേറെ ഗാനങ്ങൾ ആലപിച്ചുകഴിഞ്ഞു. പ്രായത്തിന്റെ അസ്വസ്ഥതകളുണ്ടെങ്കിലും ജയചന്ദ്രന്റെ പാട്ടിന് ഇന്നും നിറയൗവനം.
ആരാധകർ ഇന്ന് അദ്ദേഹത്തിന്റെ 80 ഗാനങ്ങളുമായി അശീതി പ്രണാമമൊരുക്കുന്നു. രാവിലെ 9.30 ന് സാഹിത്യ അക്കാഡമിയിൽ. ഗീതം സംഗീതം കലാസാംസ്‌കാരിക വേദിയുടെ ജയേട്ടൻ @ 80 ഭാവഗീതം. പ്രദീപ്‌ സോമസുന്ദരൻ, എടപ്പാൾ വിശ്വനാഥൻ തുടങ്ങിയവർ സംഗീതാർച്ചന നടത്തും. സംഗീതസംവിധായകരായ ഔസേപ്പച്ചൻ, വിദ്യാധരൻ മാസ്റ്റർ, മോഹൻ സിതാര, കവി ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവരുമെത്തും.

 ആദ്യ യുവജനോത്സവത്തിന്റെ താരം

1958ലെ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ പി. ജയചന്ദ്രൻ മൃദംഗത്തിൽ ഒന്നാമനായി. ലളിതസംഗീതത്തിൽ രണ്ടാമതും. ലളിതസംഗീതത്തിലും ശാസ്ത്രീയസംഗീതത്തിലും ഒന്നാമതെത്തിയത് സാക്ഷാൽ കെ.ജെ.യേശുദാസും.

1965 ൽ ഡിഗ്രിയെടുത്ത ശേഷം ജോലിക്കായി മദിരാശിയിലെത്തി. ഇന്ത്യാ-പാക് യുദ്ധഫണ്ടിനായി എം.ബി.ശ്രീനിവാസൻ നടത്തിയ ഗാനമേളയിൽ യേശുദാസിന് പകരക്കാരനായി 'പഴശ്ശിരാജ' യിലെ 'ചൊട്ട മുതൽ ചുടല വരെ' പാടിയത് വഴിത്തിരിവായി. ചന്ദ്രതാരയുടെ 'കുഞ്ഞാലിമരയ്ക്കാർ' സിനിമയിൽ

പാടാൻ ക്ഷണം കിട്ടി. 'ഒരു മുല്ലപ്പൂമാലയുമായ്... '. എ.വിൻസെന്റിന്റെ നിർദ്ദേശപ്രകാരം ജി. ദേവരാജൻ, 'കളിത്തോഴൻ' എന്ന ചിത്രത്തിൽ 'മഞ്ഞലയിൽ മുങ്ങിത്തോർത്തി ' എന്ന ഗാനം പാടിച്ചു. അതോടെ ജയചന്ദ്രൻ മലയാളി മനസിൽ കുടിയേറി. 'അനുരാഗഗാനം പോലെ..' 'പിന്നെയും ഇണക്കുയിൽ..' 'കരിമുകിൽ കാട്ടിലെ..' 'കല്ലോലിനി...,' 'ഏകാന്തപഥികൻ ഞാൻ...' തുടങ്ങി നിരവധി ഹിറ്റുകൾ..

തൃശൂർ പൂങ്കുന്നത്താണ് താമസം. ഭാര്യ:ലളിത. മക്കളായ ലക്ഷ്മിയും ദിനനാഥും ഗായകരാണ്.

പ്രധാന പുരസ്കാരങ്ങൾ

 ശിവ ശങ്കര ശർവ്വ ശരണ്യ വിഭോ.... (ദേശീയ അവാർഡ് - 1986
 ശ്രീനാരായണഗുരുവിന്റെ കൃതിക്ക് ദേവരാജന്റെ സംഗീതം. ചിത്രം : ശ്രീനാരായണഗുരു)

 ജെ.സി. ഡാനിയേൽ അവാർഡ് (2021)

സംസ്ഥാന അവാർഡ്:

സുപ്രഭാതം... സുപ്രഭാതം...
രാഗം ശ്രീരാഗം...
പ്രായം നമ്മിൽ മോഹം നൽകീ...
നീയൊരു പുഴയായ്.....
ഞാനൊരു മലയാളി, മലർവാകകൊമ്പത്ത്, ശാരദാംബരം ചാരുചന്ദ്രികാ....

Advertisement
Advertisement