ഇന്ത്യ തേടുന്ന ഭീകരൻ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

Monday 04 March 2024 7:28 AM IST

കറാച്ചി: പാകിസ്ഥാനിൽ ഒരു ഇന്ത്യാ വിരുദ്ധ ഭീകരൻ കൂടി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. യുണൈ​റ്റഡ് ജിഹാദ് കൗൺസിൽ സെക്രട്ടറി ജനറലും തെഹ്‌രീക് ഉൽ മുജാഹിദ്ദീൻ തലവനുമായ ഷെയ്ഖ് ജമീൽ ഉർ റഹ്മാനാണ് കൊല്ലപ്പെട്ടത്. ഇന്ത്യ തെരയുന്ന ഇയാളെ ശനിയാഴ്ച ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അബോട്ടാബാദിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. മരണകാരണം വ്യക്തമല്ല. കാശ്മീരിലെ പുൽവാമ സ്വദേശിയായ ഇയാളെ 2022 ഒക്ടോബറിൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുള്ള ഇയാൾ ജമ്മു കാശ്മീരിലുണ്ടായ വിവിധ സ്‌ഫോടനങ്ങളുടെ പിന്നിൽ പങ്കുണ്ട്. കഴിഞ്ഞ വർഷം 12ലേറെ ഇന്ത്യാ വിരുദ്ധ ഭീകരരാണ് പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. മിക്കവരും അജ്ഞാതരുടെ വെടിയേറ്റാണ് മരിച്ചത്.

മുംബയ് ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ലഷ്‌‌കർ തലവനുമായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി അദ്നാൻ അഹ്‌മ്മദ്, ആഗോള ഭീകരനും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസ്ഹറിന്റെ അടുത്ത സഹായി മൗലാന റഹീം ഉല്ലാ താരിഖ്,​ ലഷ്‌കർ മുൻ കമാൻഡർ അക്രം ഖാൻ,​ 2018ലെ സുൻജവാൻ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്നായ ഖ്വാജ ഷാഹിദ്,​ പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ജയ്‌ഷെ ഭീകരൻ ഷാഹിദ് ലത്തീഫ് തുടങ്ങിയവർ കഴിഞ്ഞ വർഷം പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

Advertisement
Advertisement