ഇ പോസ് തകരാറിലായി; റേഷൻ വിതരണവും മസ്റ്ററിങ്ങും മുടങ്ങി

Tuesday 05 March 2024 2:48 AM IST

തിരുവനന്തപുരം: ഇ പോസ് സംവിധാനം തകരാറിലായതോടെ ഇന്നലെ സംസ്ഥാനത്താകെ റേഷൻ വിതരണവും മുൻഗണനാ കാർഡ് അംഗങ്ങളുടെ ഇ കെ.വൈ.സി മസ്റ്ററിങ്ങും സ്തംഭിച്ചു. ഇതേ തുടർന്ന് ഈയാഴ്ച റേഷൻ കടകളുടെ പ്രവർത്തനം 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കടകൾ ഇന്നും (5) 7നും രാവിലെയും 6നും 9നും ഉച്ചയ്ക്കു ശേഷവും പ്രവർത്തിക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ കടകൾ 6നും 9നും രാവിലെയും ഇന്നും (5) 7നും ഉച്ചയ്ക്കു ശേഷമാകും പ്രവർത്തിക്കുക. ശിവരാത്രി പ്രമാണിച്ച് 8ന് കടകൾക്ക് അവധിയാണ്.
കാർഡ് ഉടമകളുടെ ബയോ മെട്രിക് വിവരശേഖരണം ഇ പോസിൽ നടക്കാതിരുന്നതോടെ അവരുടെ മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ചായിരുന്നു ഇന്നലെ വിതരണം. ഐ.ടി മിഷനിൽ നിന്ന് ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻ.ഐ.സി) സർവറുമായുള്ള ബന്ധം പല തവണ നഷ്ടമായി. മഞ്ഞ, പിങ്ക്, റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടക്കുന്നതിനാൽ നിലവിൽ കടകളെല്ലാം പകൽ മുഴുവൻ സമയം പ്രവർത്തിക്കേണ്ട സ്ഥിതിയാണ്. മസ്റ്റിംഗ് നടക്കുന്നതിനാലാണ് റേഷൻ വിതരണത്തിൽ വേഗക്കുറവ് ഉണ്ടായതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Advertisement
Advertisement