തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു,​ വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ബംഗാൾ ഗവർണർ

Thursday 04 April 2024 10:15 PM IST

കൊൽക്കത്ത : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ഗവർണർ സി.വി. ആനന്ദബോസ് ആവശ്യപ്പെട്ടു. മന്ത്രി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബോധപൂർവ്വം ലംഘിച്ചെന്ന് രാജ്ഭവൻ ആരോപിച്ചു. ഗൂർ ബംഗ സർവകലാശാലയിൽ രാഷ്ട്രീയ കക്ഷി നേതാക്കളുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ച വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിനോട് നടപടിയെടുക്കാൻ ഗവർണർ ആവശ്യപ്പെട്ടത്.

മാർച്ച് 30നാണ് എം.പിമാരും എം.എൽ.എമാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത യോഗം സർവകലാശാലയിൽ നടന്നത്. ഇക്കാര്യത്തിൽ മന്ത്രിക്കെതിരെ കർശന നടപടി ആവശ്യമാണെന്ന് ഗവർണർ സർക്കാരിന് നിർദ്ദേശം നൽകി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിസരത്ത് യോഗം നടത്തിയ മന്ത്രിയുടെ നടപടി സർവകലാശാലയ്ക്ക് അപകീർത്തി വരുത്തിയെന്ന് ചാൻസലർ കൂടിയായ ഗവർണർ വ്യക്തമാക്കി.

നേരത്തെ ബ്രത്യ ബസുവിനെതിരെ വിമർശനവുമായി ആനന്ദബോസ് രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള ബന്ധം തകർക്കാൻ ബസു ശ്രമിക്കുന്നതായി ഗവർ‌ണ‌ർ ആരോപിച്ചു. സർവകലാശാലകളിൽ ഒഴിവുള്ള വി.സിമാരെ നിയമിക്കുന്നതിന് മന്ത്രി നിർദ്ദേശിച്ച നാല് പേരുകളും അംഗീകരിച്ച ശേഷമാണ് തനിക്കെതിരെ പരാമർശങ്ങൾ ഉണ്ടായതെന്ന് ഗവർണർ പറഞ്ഞു. സംസ്ഥാന സർവകലാശാലകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗവർണർ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി ബത്രി ബസു ആരോപിച്ചിരുന്നു,​ ഗവർണറെ ഭ്രാന്തൻ എന്ന് മന്ത്രി വിളിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Advertisement
Advertisement