അമ്പോ മുംബയ്, ഡല്‍ഹിയെ അടിച്ച് തൂഫാനാക്കി; സീസണിലെ ആദ്യം ജയം ആഘോഷമാക്കി മുന്‍ ചാമ്പ്യന്‍മാര്‍

Sunday 07 April 2024 7:18 PM IST

മുംബയ്: തോറ്റ് തുടങ്ങുന്ന മുംബയെ ഭയക്കണം, ദൈവത്തിന്റെ പോരാളികള്‍ തോറ്റുകൊണ്ടേ തുടങ്ങാറുള്ളൂ... ന്യായീകരിച്ച് വശംകെട്ട ആരാധകര്‍ക്ക് സന്തോഷം പകര്‍ന്ന് സീസണിലെ ആദ്യ ജയം ആഘോഷിച്ച് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബയ് ഇന്ത്യന്‍സ്. റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിനാണ് മുംബയ് തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത മുംബയ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് 10(8) പെട്ടെന്ന് നഷ്ടമായി. പിന്നീട് പൃഥ്വി ഷാ 66(40), അഭിഷേക് പോരല്‍ സഖ്യം രണ്ടാം വിക്കറ്റില്‍ 88 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റിഷഭ് പന്ത് 1(3) നിരാശപ്പെടുത്തി.

എന്നാല്‍ മുന്‍ മുംബയ് താരം ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ് മുംബയെ വിറപ്പിച്ചു 19 പന്തില്‍ ഹാഫ് സെഞ്ചുറി തികച്ച താരം 71*(25) ഏഴ് സിക്‌സറുകളും മൂന്ന് ഫോറും പായിച്ച് ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കിയെങ്കിലും കൂറ്റന്‍ ലക്ഷ്യത്തിന് മുന്നില്‍ കാലിടറി. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബയ്ക്ക് മിന്നല്‍ വേഗത്തിലുള്ള തുടക്കമാണ് ഇഷാന്‍ കിഷന്‍ 42(23), രോഹിത് ശര്‍മ്മ 49(27) സഖ്യം നല്‍കിയത്. ഏഴ് ഓവറില്‍ 80 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. അഞ്ച് സിക്‌സും പത്ത് ഫോറും ഇരുവരും ചേര്‍ന്ന് പറത്തി. പിന്നീട് വന്ന സൂര്യകുമാര്‍ യാദവ് 0(2) തിരിച്ചുവരവില്‍ നിരാശപ്പെടുത്തി.

തിലക് വര്‍മ്മ 6(5) പെട്ടെന്ന് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 39(33) ടിം ഡേവിഡ് 45*(21) എന്നിവര്‍ ടീമിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ അവസാന ആവറില്‍ നാല് സിക്‌സും രണ്ട് ഫോറും സഹിതം 10 പന്തില്‍ 39* റണ്‍സ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡ് വിശ്രൂപം പുറത്തെടുത്തപ്പോള്‍ മുംബയ് 20 ഓവറില്‍ 234ന് അഞ്ച് എന്ന പടുകൂറ്റന്‍ സ്‌കോറില്‍ എത്തിയിരുന്നു.

Advertisement
Advertisement