ഇന്ന് സമ്പൂർണ സൂര്യഗ്രഹണം

Monday 08 April 2024 12:00 AM IST

ന്യൂയോർക്ക്: ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. ഈസ്റ്റേൺ ഡേലൈറ്റ് ടൈം അഥവാ ഇ.ഡി.ടി പ്രകാരം രാവിലെ 11.42 മുതൽ വൈകിട്ട് 4.52 വരെയാണ് സൂര്യഗ്രഹണം. ഇന്ത്യൻ സമയം അനുസരിച്ച് ഇന്നു രാത്രി 9.13 മുതൽ നാളെ പുലർച്ചെ 2.22 വരെയാണിത്.

യു.എസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലാണ് സമ്പൂർണ ഗ്രഹണം ദൃശ്യമാകുന്നത്. ഇന്ത്യ അടക്കം ഏഷ്യൻ രാജ്യങ്ങളിൽ കാണാനാകില്ല. ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.

സമ്പൂർണ ഗ്രഹണം

ചന്ദ്രൻ സൂര്യനാൽ പൂർണമായും മറയ്ക്കപ്പെടും എന്നതാണ് സമ്പൂർണ സൂര്യഗ്രഹണത്തിന്റെ സവിശേഷത. ഇന്നത്തെ പൂർണ ഗ്രഹണ ഘട്ടം 4 മിനി​ട്ടും 28 സെക്കൻഡും നീണ്ടുനിൽക്കും. മെക്സിക്കോയിലെ നസാസ് പട്ടണത്തിലാണ് ഈ ഘട്ടം ആദ്യം ദൃശ്യമാകുന്നത്. ഇന്ത്യൻ സമയം, രാത്രി 11.47. അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ ഇന്ത്യൻ സമയം രാത്രി 10.30 മുതൽ ഗ്രഹണം തത്സമയം സംപ്രേക്ഷണം ചെയ്യും.

സമ്പൂർണ ഗ്രഹണം ദൃശ്യമാകുന്ന ഇടങ്ങളിൽ പുലർച്ചെയും സന്ധ്യയ്ക്കും കാണപ്പെടും പോലെ ആകാശം ഇരുളും. കൊളംബിയ, വെനസ്വേല, പടിഞ്ഞാറൻ ബ്രിട്ടൻ, പോർച്ചുഗൽ, ഐസ്‌ലൻഡ് തുടങ്ങിയവയുടെ ഭാഗങ്ങളിൽ സൂര്യഗ്രഹണം ഭാഗികമായി ദൃശ്യമാകും.

ഇനി 2026 ൽ

2026 ഓഗസ്റ്റ് 12നാണ് അടുത്ത സമ്പൂർണ സൂര്യഗ്രഹണം. ഗ്രീൻലൻഡ്, ഐസ്‌ലൻഡ്, പോർച്ചുഗൽ, റഷ്യ, സ്പെയിൻ എന്നിവിടങ്ങളിലാണ് ഇത് ദൃശ്യമാവുക.

Advertisement
Advertisement