വർഷങ്ങൾക്കു ശേഷം

Sunday 14 April 2024 12:49 AM IST

വിനീതും വിശാഖും സംസാരിക്കുന്നു

രണ്ടുവർഷത്തിനുശേഷം വിനീത് ശ്രീനിവാസൻ - വിശാഖ് സുബ്രഹ്മണ്യം കൂട്ടുകെട്ട്. ഹൃദയത്തിനുശേഷം പ്രണവ് മോഹൻലാൽ- കല്യാണി പ്രിയദർശൻ കോംബോ ഇവർക്കൊപ്പം ചേരുന്നു . മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്കു ശേഷം വിഷു റിലീസായി തിയേറ്ററിൽ . വിശേഷങ്ങൾ പങ്കുവച്ച് വിനീതും വിശാഖും.

വീണ്ടും വിനീത് - വിശാഖ്
വിനീത് : ഹൃദയം' കഴിഞ്ഞപ്പോൾ വിശാഖുമായി നല്ലൊരു സൗഹൃദമുണ്ടായി. രണ്ടര വർഷത്തിലധികം ഒരുമിച്ച് പ്രവർത്തിച്ചു. കൊവി‌ഡ് അടക്കം ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ശുഭാപ്തി വിശ്വാസം വിടാതെ സിനിമ നന്നായി വരുമെന്ന പ്രതീക്ഷയിൽ തന്നെ ഒന്നിച്ച് മുന്നോട്ട് പോയി. ഇപ്പോൾ ആ യാത്രയൊക്കെ രസകരമായി തോന്നുന്നുണ്ട്. 'ഹൃദയം' കഴിഞ്ഞ് ഒരു സിനിമ കൂടെ ഒരുമിച്ച് ചെയ്യണമെന്ന് അന്നേ ഞങ്ങൾ തീരുമാനിച്ചിരുന്നു.
വിശാഖ്: വിനീതുമായി വർഷങ്ങളുടെ ബന്ധമാണ്. വിനീതിന്റെ ആദ്യ സിനിമ 'മലർവാടി ആർട്സ് ക്ലബ്ബ്' നമ്മുടെ തിയേറ്ററിലാണ് റിലീസ് ചെയ്തത്. 'തട്ടത്തിൻ മറയത്ത്' ഇറങ്ങിയപ്പോഴും ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ചത് തിരുവനന്തപുരത്തെ ശ്രീ വിശാഖ് തിയേറ്ററിലായിരുന്നു. അന്ന് മുതൽ വിനീതുമായും ധ്യാനുമായും സൗഹൃദമുണ്ട്. ഞാൻ നിർമാണ മേഖലയിലേക്ക് വന്നത് ധ്യാൻ സംവിധാനം ചെയ്ത 'ലവ് ആക്ഷൻ ഡ്രാമ'യിലൂടെയാണ്.

വീണ്ടും പ്രണവും കല്യാണിയും
വിനീത്: തിരക്കഥ എഴുതുന്ന സമയത്തുതന്നെ അപ്പു (പ്രണവ് മോഹൻലാൽ) മനസിലുണ്ടായിരുന്നു. തിരക്കഥ വായിച്ചു കഴിഞ്ഞപ്പോൾ ഈ ജോഡിയെ വീണ്ടും ആവർത്തിക്കണോ എന്ന് ചിന്തിച്ചു. എന്നാൽ അമ്മു (കല്യാണി പ്രിയദർശൻ) ചെയ്‌താൽ നന്നായിരിക്കും എന്ന അഭിപ്രായം എല്ലാവരും പറഞ്ഞു. അടുത്ത സിനിമകൾ ചെയ്യുമ്പോൾ എന്തുണ്ടെങ്കിലും വിളിക്കണമെന്ന് ഹൃദയം കഴിഞ്ഞ സമയത്ത് അമ്മു പറഞ്ഞിരുന്നു.
വിശാഖ്: ‘ലൗ ആക്ഷൻ ഡ്രാമ’യിൽ നിവിൻ, ബേസിൽ, അജു തുടങ്ങിയവരുണ്ടായിരുന്നു. ‘ഹൃദയ’ത്തിൽ പ്രണവും കല്യാണിയും . രണ്ട് സിനിമകളിൽനിന്നും ഒരുപാട് അഭിനേതാക്കൾ വ‍ർഷങ്ങൾക്കു ശേഷത്തിൽ ഒന്നിക്കുന്നതിനാൽ എനിക്ക് സ്പെഷ്യലാണ്.

വീണ്ടും ധ്യാൻ
വിനീത്: ധ്യാനിന്റെ ആദ്യ സിനിമയും സംവിധായകൻ എന്ന നിലയിൽ ഞാൻ ധ്യാനിന്റെ കൂടെ പ്രവർത്തിച്ച ഏക സിനിമയും 'തിര' ആണ്. അപ്പുവും ധ്യാനും നിവിനും ഈ സിനിമയിൽ വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ആ കഥാപാത്രങ്ങൾ അവർക്ക് മാത്രമേ ചെയ്യാൻ കഴിയൂ, മറ്റാരെയും വെച്ച് ചിന്തിക്കാൻ പറ്റില്ല. സിനിമ കണ്ടു കഴിഞ്ഞാലേ അത് വിശദീകരിച്ച് പറയാനും കഴിയൂ. ഇവരിൽ ആരെങ്കിലും കമ്മിറ്റ് ചെയ്തില്ലായിരുന്നെങ്കിൽ ഈ സിനിമ ഉപേക്ഷിക്കുക എന്ന വഴിയേ ഉണ്ടായിരുന്നുള്ളു.
വിശാഖ്: ആദ്യ സിനിമയിൽ എല്ലാവരും തെറ്റുകൾ വരുത്താം.' ലൗ ആക്ഷൻ ഡ്രാമ ' ഓണത്തിന് ഏറ്റവും നന്നായി ഓടിയ സിനിമയാണ്. അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് മെച്ചപ്പെട്ട രീതിയിൽ ചെയ്ത സിനിമയാണ് ‘ഹൃദയം’.

വീണ്ടും ചെന്നൈ
വിനീത്: കഥാപശ്ചാത്തലം മദിരാശിയാണ്. സിനിമയോട് താത്പര്യമുള്ള രണ്ട് ചെറുപ്പക്കാർ എഴുപതുകളിൽ മദിരാശിയിലേക്ക് എത്തുന്ന കഥയാണ് പറയുന്നത്. അന്നത്തെ ദക്ഷിണേന്ത്യൻ സിനിമാ മേഖലയുടെ ഹബ് തന്നെ മദിരാശിയാണ്. പഴയ കോടമ്പാക്കം കഥകൾ കേൾക്കുമ്പോൾ അതിൽ പ്രധാന ലോഡ്ജുകളാണ് ഉമാ ലോഡ്‌ജും സ്വാമീസ് ലോഡ്‌ജും. സ്വാമീസ് ലോഡ്‌ജിനെ അടിസ്ഥാനമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്. അന്നത്തെ കാലത്തെ സിനിമ മേഖലയും ആളുകളുടെ ജീവിതവും സിനിമയിലുണ്ടാകും.
വിശാഖ്: ചെന്നൈയിൽ ഷൂട്ട് ചെയ്തിട്ടില്ല. അന്നത്തെ ലോഡ്ജുകളും മ്യൂസിക് സ്റ്റുഡിയോകളും ഇപ്പോഴില്ല. അതുകൊണ്ട് കൊച്ചിയിൽ സെറ്റിട്ടു.

വീണ്ടും സൗഹൃദം
വിനീത്: അതെ, ആ സൗഹൃദം മലർവാടി മുതൽ വലുതായിക്കൊണ്ടിരിക്കുന്നു. അതിൽ അഭിനയിച്ച എല്ലാവരും ഒരുമിച്ചുവന്ന സിനിമയാണിത്. മലർവാടിയിൽ ചെറിയ വേഷത്തിൽ അഭിനയിച്ചവരും ഈ സിനിമയിലുണ്ട്. ഈ സിനിമയുടെ പേരുപോലെ അവർക്കൊപ്പം വർഷങ്ങൾക്ക് ശേഷം പ്രവർത്തിക്കുകയാണ്.
വിശാഖ്: ഞാൻ നിർമാണ രംഗത്തേക്ക് എത്തിയതുതന്നെ സൗഹൃദം കാരണമാണ്. വിനീത് സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രണവും ധ്യാനും വരുന്നത് എന്നെ സംബന്ധിച്ച് സ്പെഷ്യലാണ്. സംഗീത സംവിധാനം ചെയ്യുന്ന അമൃതാണ് പുതിയ സൗഹൃദം. പ്രശസ്ത സംഗീതജ്ഞ ബോംബേ ജയശ്രീയുടെ മകനാണ്. ഒരുപാട് നല്ല പാട്ടുകൾ സിനിമയിൽ സമ്മാനിച്ചിട്ടുണ്ട്.

Advertisement
Advertisement