കവിത 15 വരെ സി.ബി.ഐ കസ്റ്റഡിയിൽ

Saturday 13 April 2024 12:05 AM IST

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയെ ഈ മാസം 15 വരെ ഡൽഹി റോസ് അവന്യു കോടതി സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ഇ.ഡി കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്ന കവിതയെ വ്യാഴാഴ്‌ചയാണ് സി.ബി.ഐ സംഘം തീഹാർ ജയിലിലെത്തി അറസ്റ്റ് ചെയ്‌തത്. ഇന്നലെ കോടതിയിൽ ഹാജരാക്കി. നൂറു കോടിയുടെ കോഴയിടപാടിലെ മുഖ്യ ആസൂത്രകയാണ് കവിതയെന്നും ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നും സി.ബി.ഐ സംഘം കോടതിയോട് ആവശ്യപ്പെട്ടു. തുടർന്ന് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. തിഹാർ ജയിലിൽ ചോദ്യം ചെയ്‌‌തപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും

ആം ആദ്മിയുടെ കമ്മ്യൂണിക്കേഷൻ ഇർ ചാർജ്ജായിരുന്ന വിജയ് നായർക്ക് കവിത പണം കൈമാറിയെന്നും സി.ബി.ഐ അറിയിച്ചു. കവിത ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസിലെ മാപ്പുസാക്ഷിയായ അരബിന്ദോ ഫാർമ ഉടമ പി. ശരത് ചന്ദ്ര റെഡ്ഡിയുടെ ഡൽഹിയിലെ മദ്യവ്യവസായത്തിലേക്കുള്ള രംഗപ്രവേശം. കോടികൾ ആം ആദ്മി പാർട്ടിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു. വിമുഖത കാണിച്ചപ്പോൾ ബിസിനസ് തകർക്കുമെന്ന് കവിത ഭീഷണപ്പെടുത്തിയതായി റെഡ്ഡിയുടെ മൊഴിയുണ്ടെന്നും സി.ബി.ഐ ഇന്നലെ കോടതിയിൽ വ്യക്തമാക്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ദക്ഷിണേന്ത്യയിലെ ഒരു മദ്യവ്യവസായി കണ്ടപ്പോൾ കവിത വിളിക്കുമെന്നായിരുന്നു മറുപടി. വ്യവസായിയിൽ നിന്ന് കേജ്‌രിവാൾ പണം ആവശ്യപ്പെട്ടതായും സി.ബി.ഐ വാദിച്ചു. എന്നാൽ, കസ്റ്റഡി ആവശ്യത്തെ കവിതയുടെ അഭിഭാഷകൻ എതിർത്തു. സി.ബി.ഐ അറസ്റ്റ് നിയമവിരുദ്ധമാണെന്നും കേന്ദ്ര ഏജൻസി മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്നും ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ സമയത്തെക്കുറിച്ചും അഭിഭാഷകൻ ആശങ്ക ഉന്നയിച്ചു.

ഇടക്കാല ജാമ്യം തേടി സിസോദിയ

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് മദ്യനയക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഇ.ഡി, സി.ബി.ഐ കേസുകളിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി റൗസ് അവന്യു കോടതിയിൽ ഹർജി നൽകി.

ഇരു ഏജൻസികൾക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ട ജഡ്‌ജി കാവേരി ബവേജ, ഏപ്രിൽ 20ന് വാദം കേൾക്കാൻ തീരുമാനിച്ചു. 2023 ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്ര് ചെയ്തത്. മാർച്ച് ഒൻപതിന് ഇ.ഡി കേസിലും അറസ്റ്ര് രേഖപ്പെടുത്തി. ആം ആദ്മി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിംഗിന് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

Advertisement
Advertisement