150 രൂപ മുതൽ ശ്രീകൃഷ്ണ വിഗ്രഹങ്ങൾ, കൊന്നപ്പൂക്കൾ കൊണ്ടുനിറഞ്ഞ വസ്ത്രങ്ങൾ; പൊടിപൊടിച്ച് തലസ്ഥാനത്തെ വിഷു വിപണി

Saturday 13 April 2024 8:22 AM IST

തിരുവനന്തപുരം : നാളെ പുലർന്നാൽ വിഷു.അനന്തപുരി കണികാണാനൊരുങ്ങിക്കഴിഞ്ഞു. കണി വിഭവങ്ങളുമായി വിഷുവിപണി സജീവമാണ്. നാടുനീളെ കൊന്ന പൂത്തിട്ടുള്ളതിനാൽ പൂവിന് ക്ഷാമമുണ്ടാവാനിടയില്ല.വേനൽമഴ പലയിടത്തും പൂക്കൾ കൊഴിച്ചതിനാൽ ആ കുറവ് തീർക്കാൻ പ്ളാസ്റ്റിക് കൊന്നപ്പൂക്കളും വിപണിയിലുണ്ട്.ചാല,പാളയം,കിഴക്കേകോട്ട എന്നിവിടങ്ങളിലെ വിഷു വിപണിക്കാണ് ഉത്സാഹം കൂടുതൽ.വിഷുദിനത്തിലേക്കുള്ള കണിവെള്ളരി കൂടുതലെത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്.നാട്ടിൻപുറങ്ങളിൽ നിന്നുള്ള കർഷകരും കണിവെള്ളരി നഗര വിപണിയിലെത്തിക്കുന്നുണ്ട്.കണിതാലത്തിലേക്കുള്ള ചെറിയ മത്തങ്ങകളും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്.കണിത്താലങ്ങളെ സമ്പന്നമാക്കുന്ന ഇനങ്ങളായ മാങ്ങ,​ചെറിയ ചക്ക ​എന്നിവയെല്ലാം വിപണിയിൽ ധാരാളമെത്തിയിട്ടുണ്ട്.

നഗരം നിറയുന്ന കൃഷ്‌ണവിഗ്രഹങ്ങൾ

കണികാണാനുള്ള കൃഷ്ണവിഗ്രഹങ്ങളുടെ വലിയ വിൽപ്പനയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം നഗരത്തിൽ നടന്നത്.150 രൂപ മുതൽ 1500 വരെയാണ് പല വലിപ്പത്തിലുള്ള വിഗ്രഹങ്ങളുടെ വില. ഉണ്ണിക്കണ്ണന്റെ ഓമനത്തം തുളുമ്പുന്ന വിഗ്രഹങ്ങൾക്കാണ് ആവശ്യക്കാരേറെ.

കൊന്നപ്പൂക്കൾ വിരിയുന്ന വസ്ത്രങ്ങൾ

പരമ്പരാഗതമായ കേരള സാരിയും ദാവണിയും മുണ്ടും നേര്യതും തന്നെയാണ് വിഷുവിന് സ്ത്രീകൾ തിരഞ്ഞെടുക്കുന്ന വേഷങ്ങൾ.ഈ വസ്ത്രങ്ങളിലെല്ലാം കൊന്നപ്പൂക്കളുടെ പ്രിന്റാണ് പുതിയ ട്രെൻഡ്. കൊന്നപ്പൂ ഡിസൈനുകളുള്ള ചുരിദാറുകൾക്കും വിഷു വിപണിയിൽ ആരാധകരേറെയാണ്.

കണിത്താലത്തിൽ എന്തൊക്കെ ?​

നിലവിളക്ക്, ഓട്ടുരുളി, കൃഷ്ണവിഗ്രഹം, നെല്ല്, ഉണക്കലരി,കണിവെള്ളരി,ചക്ക,മാങ്ങ,വാഴ പ്പഴം,നാളികേരം,കൊന്നപ്പൂവ്,നെയ്യ്/നല്ലെണ്ണ,തിരി,കോടിമുണ്ട്,ഗ്രന്ഥം,സ്വർണ്ണം,നാണയങ്ങൾ, വാൽക്കണ്ണാടി,കുങ്കുമം,കണ്മഷി,അടയ്ക്ക,വെറ്റില,കിണ്ടി.

Advertisement
Advertisement