ഗണേഷ് കുമാറിന്റെ ഈ പരിഷ്കാരം സ്വകാര്യന്മാർക്ക് അടിയാകും,​ വരുമാനം വർദ്ധിപ്പിക്കാൻ നടപ്പാക്കുന്നത് ഒരിക്കൽ വിജയിച്ച തന്ത്രം

Sunday 14 April 2024 8:23 PM IST

കൊല്ലം: അന്യസംസ്ഥാന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്, മദ്ധ്യവേനൽ അവധി​ കഴി​യുംവരെ ഫ്ളക്സി നി​രക്ക് ഏർപ്പെടുത്തി​ കെ.എസ്.ആർ.ടി.സി. മേയ്, ജൂൺ, ജൂലായ് മാസങ്ങളിലാണ് പ്രത്യേക നി​രക്ക്. അന്തർസംസ്ഥാന ബസുകളുടെ ടിക്കറ്റ് നിരക്ക് ക്രമീകരിക്കുന്ന സംവിധാനമാണ് ഫ്‌ളക്‌സി ചാർജ്. യാത്രക്കാർ കുറവുള്ള ചൊവ്വ മുതൽ വ്യാഴം വരെ 15 ശതമാനം വരെ നിരക്ക് കുറച്ചും വെള്ളി മുതൽ തിങ്കൾ വരെ 30 ശതമാനം വരെ ഉയർന്ന നിരക്കിലുമാവും സർവീസ്. അന്യസംസ്ഥാന യാത്രക്കാർ സ്വകാര്യ ബസുകളെ ആശ്രയി​ക്കുന്നത് തടയുക എന്നതാണ് ലക്ഷ്യം. ഇതി​നേക്കാൾ ഉയർന്ന നി​രക്കാണ് സ്വകാര്യ ബസുകൾക്ക്.

കഴിഞ്ഞ മാസം ഫിനാൻഷ്യൽ അഡ്വൈസർ ആൻഡ് ചീഫ് അക്കൗണ്ട്സ് ഓഫീസറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തി​ലെ തീരുമാനത്തി​ന്റെ അടി​സ്ഥാനത്തി​ലാണ് ഉത്തരവി​റക്കി​യത്. വരുമാന വർദ്ധനവാണ് ലക്ഷ്യം. എ.സി, എക്സ്‌പ്രസ്, ഡീലക്സ് ഉൾപ്പെടെയുള്ള ബസുകളിൽ നിരക്ക് വർദ്ധനയുണ്ടാകും. മുമ്പ് ഓണം, ക്രിസ്‌മസ് നാളുകളി​ൽ ഇതേ മാതൃകയിൽ നി​രക്ക് ഏർപ്പെടുത്തിയതിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഫ്ളക്സി നിരക്ക് ഈടാക്കുന്ന ദിവസങ്ങളിൽ ഓൺലൈൻ റിസർവേഷൻ മാത്രമാണ് അനുവദിക്കുക. ബംഗളൂരു, ചെന്നൈ, മൈസുരു എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസുകൾ നടത്തും.

തി​രക്ക് കുറഞ്ഞാൽ കുറഞ്ഞ നി​രക്ക്

 ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്‌പ്രസ് എന്നിവയിൽ സാധാരണ നിരക്കായിരിക്കും

 ആദ്യ നാല് ദിവസങ്ങളിലെ റിസർവേഷൻ അനുസരിച്ച് ആളുകൾ തികഞ്ഞില്ലെങ്കിൽ കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിക്കേ് പ്രത്യേക ഫെയർസ്റ്റേജ്

 ഒരു മാസം മുമ്പ് വരെ ഓൺലൈനി​ലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും

 ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കൂടുതൽ പേരെ ആകർഷി​ക്കാൻ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന എ.സി സ്ലീപ്പർ, മൾട്ടി ആക്സിൽ, എ.സി സീറ്റർ എന്നിവയിൽ 15 ശതമാനം നിരക്കി​ളവ് അനുവദിക്കും.

നി​ലവി​ൽ മദ്ധ്യവേനലവധി കഴി‌ഞ്ഞ് തിരികെ നാട്ടിലേക്കും ജോലിസ്ഥലത്തേക്കും പോകുന്നവർ സ്വകാര്യ ബസിനേക്കാൾ കൂടുതൽ ആശ്രയിക്കുന്നത് കെ.എസ്.ആർ.ടി.സിയെയാണ്.

കെ.എസ്.ആർ.ടി.സി അധികൃതർ

Advertisement
Advertisement