അയ്യപ്പന് സമർപ്പിച്ച ഭക്തിഗാനജീവിതം

Wednesday 17 April 2024 2:00 AM IST

കൊച്ചി: ചെറുപ്പം മുതൽ അയ്യപ്പഭക്തരായിരുന്നു ജയവിജയന്മാർ. മകരവിളക്ക് ദിവസം ശബരിമലയിലെത്തി പാടുന്നതും പതിവായിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരെ ശബരിമലയിലെത്തിച്ചതും ജയവിജയന്മാരാണ്.

പത്താം വയസിൽ ആദ്യമായി ശബരിമല ദർശനം നടത്തിയപ്പോൾ അടിയുറച്ചതാണ് അയ്യപ്പഭക്തിയെന്ന് ജയൻ വർഷങ്ങൾക്കു മുമ്പ് കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കോട്ടയത്തുനിന്ന് നടന്നാണ് ആദ്യം ദർശനം നടത്തിയത്. 2002 വരെ 42 തവണ പതി​നെട്ടാംപടി​ കയറി​. സഹോദരൻ വിജയന്റെ ചിതാഭസ്‌മം നിമജ്ജനം ചെയ്തത് പമ്പാനദിയിലാണ്.

ചെമ്പൈയുടെ കച്ചേരികളുടെ അവസാനം ജയവിജയന്മാരെക്കൊണ്ട് അയ്യപ്പഗാനം പാടിക്കും. ഇഷ്‌ദൈവമേ സ്വാമി ശരണമയ്യപ്പാ... എന്ന ഗാനമാണ് പതിവ്. ഡൽഹിയിലെ കച്ചേരിയിൽ പാടിക്കഴിഞ്ഞ് ചെമ്പൈ ശബരിമലയിൽ വരണമെന്ന് ശിഷ്യർ അഭ്യർത്ഥിച്ചു.

'നടക്കാൻ വയ്യ, പൈങ്കുനി ഉത്സവത്തിന് നോക്കാം" എന്നായിരുന്നു മറുപടി. 1976ൽ ശിഷ്യർ നേരത്തെ പതിനെട്ടാം പടിക്ക് താഴെയെത്തി. ഡോളിയിലാണ് ഗുരു എത്തിയത്. രണ്ടുപേരും ചേർന്നുപിടിച്ച് പതിനെട്ടാംപടി കയറ്റി. ദർശനം കഴിഞ്ഞ് ശിഷ്യരെ ഒപ്പമിരുത്തി വാതാപി ഗണപതേ.., എന്തരോ മഹാനുഭാവലു... എന്നീ കീർത്തനങ്ങൾ ചെമ്പൈ പാടി. ശിഷ്യർക്കൊപ്പം ഇഷ്‌ടദൈവമേ സ്വാമി ശരണമയ്യപ്പാ... കീർത്തനവും പാടി.

മകരവിളക്ക് ശബരിമലയിൽ

ഒരിക്കൽ മകരവിളക്ക് ദിവസം ഒഡിഷയിലെ റൂർക്കലയിലെ അയ്യപ്പക്ഷേത്രത്തിൽ കച്ചേരി നടത്താൻ പോയി. ശബരിമലയിൽ പോകാത്തതിന്റെ വിഷമം മനസിലുണ്ട്. കച്ചേരി നിശ്ചയിച്ച സമയത്ത് പ്രദേശത്താകെ വൈദ്യുതി പോയി. സംഘാടകരും വിഷമത്തിലായി. ക്ഷേത്രത്തിലെ എണ്ണവിളക്കിലെ തിരിവെളിച്ചം മാത്രം. ഒരുമണിക്കൂർ കഴിഞ്ഞും വൈദ്യുതി വന്നില്ല. റൂർക്കലയിൽ ആദ്യമായാണ് ഇത്രയും നേരം വൈദ്യുതി നിലച്ചതെന്ന് അവിടുത്തുകാർ പറഞ്ഞു.
ഗണപതിക്ക് മുമ്പിൽ തേങ്ങയുടച്ച് പ്രാർത്ഥിക്കാൻ മേൽശാന്തി പറഞ്ഞു. ഇരുവരും പ്രാർത്ഥിച്ച് നാളികേരമുടച്ചു. ഇനിയൊരിക്കലും മകരവിളക്കിന് ശബരിമലയിലല്ലാതെ പാടില്ലെന്ന് അയ്യപ്പനോട് പ്രതിജ്ഞ ചെയ്തു. അത്ഭുതം പോലെ വൈദ്യുതി വന്നു. കച്ചേരിയും നടത്തി. ഭഗവാന് തങ്ങളുടെ പാട്ട് വേണമെന്ന് അന്നാണ് തിരിച്ചറിഞ്ഞത്. പിന്നീട് ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതുവരെ മകരവിളക്കിന് ശബരിമലയിലെത്തിയിരുന്നു. തിരുവാഭരണപേടകം ശരംകുത്തിയിലെത്തുമ്പോൾ ആരംഭിക്കുന്ന ആലാപനം മകരജ്യോതി തെളിയുന്നതുവരെ തുടരും.

മറക്കാത്ത ഗാനങ്ങൾ

ശ്രീകോവിൽ നട തുറന്നു.., എല്ലാമെല്ലാം അയ്യപ്പൻ..., വിഷ്ണുമായയിൽ പിറന്ന വിശ്വരക്ഷകാ.., വണ്ടിപ്പെരിയാറും മേടും നടപ്പാതയാക്കി.., നന്മമേലിൽ വരുന്നതിനായി.... നക്ഷത്രദീപങ്ങൾ തിളങ്ങി നവരാത്രി മണ്ഡപം ഒരുങ്ങി.., ഹൃദയം ദേവാലയം..., തുടങ്ങിയവ പ്രശസ്തമായ ഗാനങ്ങളാണ്. മയിൽപ്പീലി എന്ന ഗുരുവായൂരപ്പ ഭക്തിഗാനവും പ്രശസ്തമാണ്. ഹരിവരാസനം, തത്ത്വമസി എന്നിവ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

Advertisement
Advertisement