പൊറോട്ടയും ബ്രെഡും രണ്ടല്ല,​ ഒന്ന് തന്നെ; സർക്കാർ വാദം തള്ളി കോടതി

Wednesday 17 April 2024 9:49 PM IST

കൊച്ചി: പാതിവേവിച്ച പായ്ക്കറ്റ് പെറോട്ടയ്ക്ക് ജി.എസ്.ടി അഞ്ച് ശതമാനം മാത്രമേ ഈടാക്കാവൂ എന്ന് ഹൈക്കോടതി. പായ്ക്കറ്റ് പെറോട്ടയ്ക്ക് 18 ശതമാനം ജി.എസ്.ടി.ചുമത്തിയ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ദിനേശ്കുമാർ സിംഗിന്റെ ഉത്തരവ്. ഇടപ്പള്ളി മോഡേൺ ഫുഡ് കമ്പനിയാണ് 18 ശതമാനം ജി.എസ്.ടി. ഈടാക്കാനുള്ള തീരുമാനത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.

ഹർജിക്കാരുടെ പൊറോട്ട ഉത്പന്നങ്ങൾക്ക് ജി.എസ്.ടി ആക്ട് പ്രകാരം 18 ശതമാനം നികുതി ബാധകമാകുമെന്നായിരുന്നു സർക്കാർ നിലപാട്. ഇത് തർക്ക പരിഹാര അപ്പലേറ്റ് അതോറിറ്റി ശരിവെയ്ക്കുകയും ചെയ്തു. തുടർന്നാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
പൊറോട്ട, ബ്രെഡിന്റെ ഗണത്തിൽപ്പെടുന്ന ഉത്പന്നമാണെന്നും അതിനാൽ അഞ്ച് ശതമാനം ജി.എസ്.ടിയേ ബാധകമാകൂ എന്നായിരുന്നു ഹർജിക്കാരുടെ വാദം. ബ്രെഡ് പോലെ ധാന്യപ്പൊടിയിൽ നിന്നാണ് പൊറോട്ടയും ചുട്ടെടുക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ പൊറോട്ടയും ബ്രെഡും രണ്ടാണെന്ന് സർക്കാർ വാദിച്ചു.


ഈ വാദം തള്ളിയ സിംഗിൾ ബെഞ്ച്, പെറോട്ടോയും ചപ്പാത്തിയുമൊക്കെ സമാനമായി തയ്യാറാക്കുന്നതാണെന്ന് വിലയിരുത്തി. 18 ശതമാനം ജി.എസ്.ടി ഈടാക്കാനുള്ള സർക്കാർ തീരുമാനം തിരുത്തുകയും ചെയ്തു

Advertisement
Advertisement