സ്ത്രീ വോട്ടർമാരും കന്നിവോട്ടർമാരും തീരുമാനിക്കും കണ്ണൂരിന്റെ വിധി  

Saturday 20 April 2024 12:22 AM IST
കണ്ണൂരിന്റെ വിധി

കണ്ണൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ തീപാറും പോരാട്ടത്തിന് വേദിയാകുന്ന കണ്ണൂർ മണ്ഡലത്തിന്റെ വിധി നിർണ്ണയിക്കുക സ്ത്രീ വോട്ടർമാരും കന്നിവോട്ടർമാരും. ഓരോ വോട്ടും നിർണായകമാണെന്നതിനാൽ തന്നെ ജാഗ്രതയിലാണ് മുന്നണികൾ. മണ്ഡലത്തിലെ പകുതിയിലേറെ വരുന്ന സ്ത്രീ വോട്ടർമാരുടെ വിധിയെഴുത്താണ് കൂടുതൽ നിർണായകമെന്ന് രാഷ്ട്രീയ നേതൃത്വങ്ങൾ കണക്കുകൂട്ടുന്നു. ഇത്തവണ പുതിയ വോട്ടുകളിലുണ്ടായ ഗണ്യമായ വർദ്ധനയും മുന്നണികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു.

നിയമസഭയിൽ പതിവായി ചുവക്കുന്ന കണ്ണൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പലപ്പോഴും വലത്തോട്ടു ചായുന്നത് സ്ത്രീ വോട്ടർമാരുടെ നിലപാടുമൂലമാണ്. 6,46,181 പുരുഷ വോട്ടർമാരും 7,12,181 സ്ത്രീ വോട്ടർമാരും 6 ട്രാൻസ് ജെൻഡർ വിഭാഗക്കാരുമടക്കം കണ്ണൂർ ലോക്‌സഭ മണ്ഡലത്തിൽ ആകെ 13,58,368 വോട്ടർമാരാണുള്ളത്. 2019നെക്കാൾ 91,809 വോട്ട് കൂടുതൽ.
2019 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കണ്ണൂർ ജില്ല മൊത്തത്തിൽ നോക്കുമ്പോൾ 1,45,904ഉം വോട്ടർമാർ കൂടുതലുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 30,461 വോട്ടർമാരാണ് കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ വർദ്ധിച്ചത്. ജില്ലയിൽ 49,315ഉം. കഴിഞ്ഞ ജനുവരി 22ന് വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തിയപ്പോൾ ജില്ലയിൽ 20,54,156 വോട്ടർമാരായിരുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 72 ദിവസം കൊണ്ട് ജില്ലയിൽ കൂടുതലായി ചേർത്തത് 62,696 പേരെയാണ്. കണ്ണൂർ മണ്ഡലത്തിൽ 38,732 പേരെയും. രാഷ്ട്രീയപാർട്ടികൾ ഇതിനായി ശരിക്കും ഉത്സാഹിച്ചുവെന്ന് വ്യക്തം. ജയപരാജയങ്ങളെ സ്വാധീനിക്കാൻ പോന്നതാണ് ഈ വോട്ടുവർദ്ധന.

നിയമസഭാ മണ്ഡലങ്ങളിലൂടെ
തളിപ്പറമ്പ്

ആകെ വോട്ടർമാർ 2,21,295

പുതിയ വോട്ടർമാർ 7,434

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.വി ഗോവിന്ദൻ 22,689 വോട്ടിന് ജയിച്ചപ്പോൾ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 725 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനായിരുന്നു.


ഇരിക്കൂർ

ആകെ വോട്ടർമാർ 1,97,680

പുതിയ വോട്ടർമാർ 4,128

10,010 വോട്ടുകൾക്കായിരുന്നു സജീവ് ജോസഫ് നിയമസഭയിലേക്ക് വിജയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 37,320 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.


അഴീക്കോട്

ആകെ വോട്ടർമാർ 1,85,094

പുതിയ വോട്ടർമാർ 5,999
കെ.വി. സുമേഷ് 6,141 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 21,857 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു.


കണ്ണൂർ

ആകെ വോട്ടർമാർ 1,78,732

5,563

1,745 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാമചന്ദ്രൻ കടന്നപ്പള്ളിയുടെ വിജയം. ലോക്‌സഭയിൽ യു.ഡി.എഫിന് 23ല423 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

ധർമടം

ആകെ വോട്ടർമാർ 1,99,115

പുതിയ വോട്ടർമാർ 5,774

നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായിയുടെ ഭൂരിപക്ഷം 50,123. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായത് 4099 വോട്ടിന്റെ ഭൂരിപക്ഷം.


മട്ടന്നൂർ

ആകെ വോട്ടർമാർ 1,95,388

പുതിയ വോട്ടർമാർ 5,143

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ. ശൈലജ വിജയിച്ചത് 60,963 വോട്ടിന്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭൂരിപക്ഷം 7,488


പേരാവൂർ

ആകെ വോട്ടർമാർ 1,81,064

പുതിയ വോട്ടർമാർ 4,700
യു.ഡി.എഫിലെ സണ്ണി ജോസഫ് 3,352 വോട്ടുകൾക്കാണ് നിയമസഭയിലേക്ക് ജയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 23,665 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

Advertisement
Advertisement