ജാമ്യത്തിനായി ജീവൻ പണയം വയ്ക്കുമോ? മാമ്പഴം 3 തവണ,​ കുടിച്ചത് ഷുഗർ ഫ്രീ ചായ: കേജ്‌രിവാൾ

Saturday 20 April 2024 12:37 AM IST

ന്യൂഡൽഹി: ജാമ്യത്തിനായി ഭക്ഷണക്രമം തെറ്റിച്ച് പ്രമേഹം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ഇ.ഡി ആരോപണത്തിനെതിരെ പ്രത്യേക കോടതിയിൽ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ജാമ്യം ലഭിക്കാൻ ജീവൻ പണയപ്പെടുത്തുമോയെന്ന് കേജ്‌രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ചോദിച്ചു. അറസ്റ്റിന് മുൻപ് ഡോക്‌ടർ നിർദ്ദേശിച്ച ഭക്ഷണക്രമമാണ് പിന്തു‌ടരുന്നത്. വീട്ടിൽ നിന്ന് 48 തവണ ഭക്ഷണം കൊണ്ടുവന്നു. അതിൽ മൂന്ന് പ്രാവശ്യമാണ് മാമ്പഴം ഉൾപ്പെടുത്തിയിരുന്നത്. മാമ്പഴത്തിലെ പഞ്ചസാരയുടെ അളവ് ബ്രൗൺ, വെള്ള അരിയേക്കാളും കുറവാണ്. ഷുഗർ ഫ്രീ ചായയാണ് ഉപയോഗിക്കുന്നത്. ഒരു തവണ പ്രസാദമായി ഉരുളക്കിഴങ്ങും പൂരിയും കഴിച്ചു.

ഡോക്‌ടറുമായി ദിവസവും 15 മിനിട്ട് വീഡിയോ കോൺഫറൻസ് വഴി സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലെ വാദത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. കേസ് തിങ്കളാഴ്‌ച വിധി പറയാൻ മാറ്റി.കേജ്‌രിവാളിന്റെ അപേക്ഷയെ ഇ.ഡിയും ജയിൽ സൂപ്രണ്ടും എതിർത്തു.
ഭക്ഷണം ഡോക്ടർ നിർദ്ദേശിച്ച ഡയറ്റ് ചാർട്ടുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇ.ഡി പറഞ്ഞു. പ്രമേഹ ചികിത്സയ്ക്ക് തിഹാർ ജയിലിൽ സൗകര്യങ്ങളുണ്ടെന്നും വ്യക്തമാക്കി.

നിസാരം,​ പരിഹാസ്യം

ഇ.ഡിയുടെ ആരോപണങ്ങൾ നിസാരമാണ്. രാഷ്ട്രീയപരവും പരിഹാസ്യവുമാണ്. അവരുടെ പ്രസ്താവനകൾ തെറ്റും ദുരുദ്ദേശ്യപരവുമാണ്. മാദ്ധ്യമങ്ങളിൽ സ്വാധീനമുള്ളതിനാൽ വാർത്ത വരുത്താൻ കഴിയും. തടവുകാരനായതുകൊണ്ട് മാന്യമായ ജീവിതവും നല്ല ആരോഗ്യവും നിലനിറുത്താൻ അവകാശമില്ലേയെന്നും കേജ്‌രിവാളിന്റെ അഭിഭാഷകർ ചോദിച്ചു. ഡോക്ടറുമായി 15 മിനിറ്റ് വീഡിയോ കോൺഫറൻസ് അനുവദിക്കാതിരിക്കാൻ കേജ്‌രിവാൾ കൊടുംകുറ്റവാളിയാണോ. 75 വർത്തെ ജനാധിപത്യ ചരിത്രത്തിൽ ഇത്തരം സമീപനം ആദ്യമായാണ്.

കേജ്‌രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രമേഷ് ഗുപ്ത ജയിലധികൃതരുമായുള്ള കേസിൽ കക്ഷിയല്ലാത്ത ഇ.ഡി വന്നതിനെ ചോദ്യം ചെയ്‌തു. വാർത്തയുണ്ടാക്കാനാണ് ഇ.ഡിയുടെ ശ്രമം. ജയിൽ അധികൃതർ കോടതി അനുമതിയില്ലാതെ ഇ.ഡിക്ക് കേജ്‌രിവാളിന്റെ ഭക്ഷണ വിവരം കൈമാറിയതിനെയും അഭിഭാഷകർ എതിർത്തു.

Advertisement
Advertisement