ഹെലികോപ്റ്റർ അപകടം: കെനിയൻ സൈനിക മേധാവി കൊല്ലപ്പെട്ടു

Saturday 20 April 2024 7:24 AM IST

നെയ്റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയുടെ സൈനിക തലവൻ ജനറൽ ഫ്രാൻസിസ് ഒമോൻഡി ഒഗോല്ല ( 62 )​ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4.50ന് പടിഞ്ഞാറൻ മേഖലയായ എൽഗെയോ മറാക്‌വെറ്റ് കൗണ്ടിയിലായിരുന്നു അപകടം.

രാജ്യതലസ്ഥാനമായ നെയ്റോബിയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണിവിടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് സൈനികരും കൊല്ലപ്പെട്ടു.രണ്ട് പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. കൊള്ളക്കാരുടെ ആക്രമണം രൂക്ഷമായ നോർത്ത് റിഫ്റ്റ് മേഖലയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. എയർഫോഴ്സ് കമാൻഡറായിരുന്ന ഒഗോല്ലയെ കഴിഞ്ഞ വർഷം ഏപ്രിലിലാണ് രാജ്യത്തെ പ്രതിരോധ സേനയുടെ തലവനായി നിയമിച്ചത്. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രസിഡന്റ് വില്യം റൂട്ടോ അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്നലെ മുതൽ രാജ്യത്ത് മൂന്ന് ദിവസത്തേക്ക് ദുഃഖാചരണം പ്രഖ്യാപിച്ചു.

Advertisement
Advertisement